കരുവന്നൂർ കൊള്ള; ബാങ്കിന്റെ നീതി നിഷേധത്തിനെതിരെ തിരുവോണനാളിൽ മാപ്രാണം സ്വദേശിയായ നിക്ഷേപകന്റെ സൂചനാനിരാഹാര സമരം …
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കും ബാങ്ക് അധികൃതരുടെ നീതി നിഷേധത്തിനുമെതിരെ തിരുവോണനാളിൽ ബാങ്ക് നിക്ഷേപകന്റെ സൂചനാ നിരാഹാര സമരം . പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷി ( 52 ) ആണ് നീതിക്കായി ശബ്ദമുയർത്തി തിരുവോണനാളിൽ വീടിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 80.42 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. കരാറുകാരനായ ജോഷി അപകടത്തെ തുടർന്ന് എട്ട് വർഷം കിടപ്പിലായിരുന്നു. ട്യൂമർ ബാധിച്ചതിനെ തുടർന്ന് ഈ വർഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുമായിരുന്നു. നിക്ഷേപങ്ങൾ കിട്ടാത്തത് കൊണ്ട് കരാർ പണികൾ എറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പലിശയ്ക്ക് പണം എടുത്തതിന്റെ ബാധ്യതകളെ തുടർന്ന് പതിമൂന്ന് വർഷം മുമ്പ് നിർമ്മിച്ച വീട് വില്ക്കേണ്ട അവസ്ഥയിൽ കൂടിയാണ്. ആശുപത്രി ചികിൽസയ്ക്കും മറ്റുമായി 24 ലക്ഷം മാത്രമാണ് തിരിച്ച് കിട്ടിയത്. പലിശ ലഭിച്ചതുമില്ല. ഇനിയും 80.42 ലക്ഷം നിക്ഷേപയിനത്തിൽ ലഭിക്കാനുണ്ട്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും മോശമായ സമീപനമാണെന്ന് ജോഷി പറയുന്നു. സജീവ പാർട്ടി പ്രവർത്തനം നിറുത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനല്ല ഇടതുപക്ഷക്കാരൻ തന്നെയാണെന്നും ഇടതുപക്ഷത്തോട് ചേർന്നുള്ള യാത്ര തന്നെയാണെന്നും ജോഷി ഉറപ്പിച്ച് പറയുന്നു. ബാങ്കിൽ പ്രതിസന്ധി ഉടലെടുത്തിട്ട് വർഷങ്ങളായി. എന്നാൽ 2020 ൽ താൻ ബാങ്കിൽ ആറ് ലക്ഷം രൂപ നിക്ഷേപിച്ച ഘട്ടത്തിൽ ബാങ്ക് അധികൃതർ മറച്ച് വച്ചതായും വേദനയോടെ ജോഷി പറയുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിരാമമില്ലാതെ തുടരുമെന്ന് ജോഷി വ്യക്തമാക്കുന്നു.