വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിന്റെ അനുഗ്രഹമായ വൈജാത്യങ്ങൾ നിലനിറുത്തി പോകാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : വർണാഭമായ പരിപാടികളോടെ മേഖലയിൽ രാജ്യത്തിന്റെ 77 – മത് സ്വാതന്ത്ര്യദിനാഘോഷം. ആഘോഷങ്ങൾക്ക് തുടക്കമിട്ട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ വൈജാത്യങ്ങൾ നിലനിറുത്തി പോകാനും എത് ജാതി, മത വിഭാഗങ്ങളിൽ ഉള്ളവരായാലും അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരായി മുന്നേറാനും എവർക്കും കഴിയേണ്ടതുണ്ടെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ആർഡിഒ ഡോ എം കെ ഷാജി, തഹസിൽദാർ കെ ശാന്തകുമാരി , ഡെപ്യൂട്ടി തഹസിൽദാർമാർ , പോലീസ്, എക്സൈസ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ദേശീയപതാക ഉയർത്തി. നേരത്തെ റിപ്പബ്ലിക് പാർക്കിൽ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പ്രതിമകളിൽ പുഷ്പാർച്ചനയും നടത്തി. നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, മുൻ നഗരസഭ ചെയർമാൻമാർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.