ഐഎസിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന് സംശയം;കാട്ടൂർ സ്വദേശി എൻഐഎ അറസ്റ്റ് ചെയ്തു …
തൃശൂർ : ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്ന സംശയത്തെ തുടർന്ന് കാട്ടൂർ നെടുമ്പുര സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു.
അഷിഫ് എന്നയാളാണ് എൻ ഐ എയുടെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എൻഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തതായാണ് സൂചന.
എന്നാൽ ഇയാളെ സത്യമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തതാണെന്നും പറയപ്പെടുന്നു.
തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾക്കും വിവരശേഖരണത്തിനുമായാണ് ഇരിങ്ങാലക്കുടയിൽ എത്തിച്ചതെന്നും സൂചനയുണ്ട്.
കാട്ടൂർ പോലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസിന്റെ സഹായമാണ് എൻഐഎ സംഘം തേടിയത്.
ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സർക്കാർ ജീവനക്കാരെ സാക്ഷിയാക്കിയിരുന്നു.
എന്നാൽ വിശദവിവരങ്ങൾ എൻഐഎ വെളിപ്പെടുത്തിയില്ല.
എറണാകുളത്തെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഐഎസിന് വേണ്ടി ധനസമാഹരണം നടത്തി എന്ന് കുറ്റമാണ് ഇയാൾക്കെതിരെ ഉള്ളത് എന്നാണ് സൂചന.
കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവർച്ചാ കേസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയമുണ്ട് .
ഇക്കാര്യങ്ങൾ എൻഐഎ വിശദമായി പരിശോധിച്ചുവരികയാണ്.