അരക്കിലോയിലധികം കഞ്ചാവുമായി കൊടകര സ്വദേശിയായ യുവാവ് പിടിയിൽ …
ചാലക്കുടി: അറുന്നൂറ് ഗ്രാമോളം കഞ്ചാവുമായി കൊടകര തേശ്ശേരി സ്വദേശിയായ യുവാവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജും സംഘവും പിടികൂടി. പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടിൽ സാബുവിന്റെ മകൻ
പവിത്രൻ (25 വയസ്) ആണ് പോലീസിന്റെ പ്രത്യേക പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായത്.
കൊടകര ചാലക്കുടി മേഖലകളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരിവസ്തുക്കൾ ലഭിക്കുന്നുണ്ടെന്നും പേരാമ്പ്ര കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടക്കുന്നതെന്നും ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെയടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി പ്രസ്തുത പ്രദേശങ്ങൾ മഫ്തി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ തേശേരി കാവുങ്ങൽ ക്ഷേത്രത്തിന് സമീപം വച്ച് പവിത്രനെ കയ്യിൽ ബാഗുമായി സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ടിപ്പർ ലോറി ഡ്രൈവറായ താൻ ജോലി കഴിഞ്ഞ് വരുന്നവഴിയാണെന്നും വീട് സമീപത്താണെന്നും പറഞ്ഞ് പോകാൻ ധൃതിപ്പെട്ടതിനാൽ സംശയം തോന്നി പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പരസ്പര വിരുദ്ധമാർന്ന മറുപടിയാണ് പവിത്രനിൽ നിന്നുമുണ്ടായത്. ഇതിന്റെയടിസ്ഥാനത്തിലാണ് പവിത്രന്റെ ബാഗ് പരിശോധിച്ചതും ബാഗിൽ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തതും. ഇയാളുടെ ബാഗിൽ നിന്നും 575 ഗ്രാം കഞ്ചാവാണ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്.
ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലെ ലഹരി വിരുദ്ധ സേനാഗംങ്ങളും ക്രൈംസ്ക്വാഡ് അംഗങ്ങളും കൊടകര പോലീസും സംയുക്‌തമായാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.
- പിടിയിലായ പവിത്രനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.