മാപ്രാണം വാതിൽമാടം കോളനിയിലെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം; പദ്ധതി നിർവ്വഹണത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം …
ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാപ്രാണം വാതിൽമാടം കോളനിയെ ചൊല്ലി നഗരസഭാ യോഗത്തിൽ വാഗ്വാദം. കോളനി നിവാസികളെ പുനരധിവസിക്കുന്നതും കോളനിയിൽ സംരക്ഷണഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നില്ക്കണമെന്ന എൽഡിഎഫ് അംഗം സി സി ഷിബിന്റെ അഭിപ്രായം ബിജെപി അംഗം ടി കെ ഷാജു എറ്റുപിടിച്ചതാണ് ഇരുകൂട്ടരും തമ്മിലുളള തർക്കത്തിൽ കലാശിച്ചത്. കഴിഞ്ഞ എഴര വർഷം വാതിൽമാടം വാർഡിനെ പ്രതിനിധീകരിച്ചതും കഴിഞ്ഞ ദിവസം കോളനിയിൽ മണ്ണിടിഞ്ഞ സമയത്ത് ജാഥയും പ്രതിഷേധവും നടത്തുകയും നഗരസഭ ആരോഗ്യ വിഭാഗത്തെ തടഞ്ഞ് വച്ചതും ആരാണെന്നും എല്ലാവരും കണ്ടതാണെന്ന് ടി കെ ഷാജു മറുപടി നൽകി. ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തപ്പോൾ മണ്ണിന്റെ മുകളിൽ ബിജെപി കൊടി നാട്ടിയെന്നും സമൂഹ മാധ്യമത്തിൽ വന്ന ചിത്രം ഉയർത്തിക്കാട്ടി ഷിബിനും പറഞ്ഞു. ബിജെപി യുടെ വാതിൽമാട രാഷ്ട്രീയം നടക്കില്ലെന്നും വ്യത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. തർക്കത്തിൽ ഇടപെട്ട ചെയർപേഴ്സൺ വാതിൽമാടം കോളനിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുമായി ബന്ധപ്പെട്ട് യോഗം വിളിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രസ്തുത യോഗത്തിൽ കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ഭിത്തി നിർമ്മാണത്തിന്റെ ഫണ്ട് ചിലവഴിക്കുന്നത് ഉൾപ്പെടെയുളള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചു.
2023 – 24 വർഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട വാർഡ് സഭകൾ ജൂലൈ അവസാനത്തിനുള്ളിൽ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതി നിർവഹണത്തിലും വാർഡുകൾക്ക് ഫണ്ട് അനുവദിക്കുന്നതിലും കഴിഞ്ഞ വർഷം വന്ന വീഴ്ചകൾ ആവർത്തിക്കാതെ നോക്കണമെന്നും നീതിപൂർവമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന കലണ്ടർ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള പാർക്കുകളുടെ അവസ്ഥ മോശമാണെന്നും കളിയുപകരണങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും പൊറത്തിശ്ശേരി കണ്ടാരംത്തറ പാർക്ക് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇരിങ്ങാലക്കുട എംജി റോഡിലുള്ള മഹാത്മ പാർക്കിന്റെ ബൈലോയുമായി ബന്ധപ്പെട്ട ചർച്ചയിൽ സി സി ഷിബിൻ ആവശ്യപ്പെട്ടു. നഗരസഭ പാർക്കിന് സമാനമായി മഹാത്മ പാർക്ക് വികസിപ്പിച്ചെടുക്കാൻ പദ്ധതി ഫണ്ടിൽ നിന്ന് ആവശ്യമായ തുക മാറ്റി വയ്ക്കേണ്ടി വരുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഷനിലുള്ള നഗരസഭ ജീവനക്കാരൻ ജയശങ്കറിന് എതിരെ കടുത്ത നടപടികൾ വേണമെന്ന് നിർദ്ദേശിക്കുന്ന നഗര കാര്യ ഡയറക്ടറുടെ കത്ത് യോഗം അംഗീകരിച്ചു. നടപടി എന്ത് വേണമെന്ന് നഗരകാര്യ ഡയറക്ടർ തീരുമാനിക്കും.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.