മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ മരങ്ങൾ വീണ് മൂന്ന് വീടുകൾ കൂടി ഭാഗികമായി തകർന്നു ; മാപ്രാണം വാതിൽമാടം കോളനിയിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു; കരുവന്നൂരിൽ 35000 ത്തോളം വാഴകൾ വെള്ളം കയറി നശിച്ച നിലയിൽ ..
ഇരിങ്ങാലക്കുട : തുടരുന്ന മഴയിലും കാറ്റിലും മേഖലയിൽ കൂടുതൽ നഷ്ടങ്ങൾ . കാറ്റിൽ മരങ്ങൾ വീണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നു . വേളൂക്കര പഞ്ചായത്തിൽ കൊറ്റനെല്ലൂർ തൈവളപ്പിൽ ജോൺസന്റെ ഓടിട്ട വീടിന്റെ മേൽ മരം വീണ് ഭാഗികമായി തകർന്നു. പൊറത്തിശ്ശേരിയിൽ കുണ്ടിൽ ഷാജുവിന്റെ ഓടിട്ട വീട്ടിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. പൊറത്തിശേരി ബോയ കോളനിയിൽ കൂടാരത്തിൽ രുഗ്മിണിയുടെ വീടിന്റെ പുറക് വശത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ തച്ചുപറമ്പിൽ തങ്കമണിയുടെ ഓടിട്ട വീട്ടിൽ മരം വീണ് ഭാഗികമായി തകർന്നു .
തുടർച്ചയായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ ചേലൂർ പൂച്ചക്കുളം, മുട്ടത്തേര് ഔണ്ട്രച്ചാൽ, ഞാറലേരി, പള്ളിത്താഴം, പെരുന്തോട് എന്നിവടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ തുടർന്നാൽ അടുത്ത ദിവസം ദുരിതാശ്വാസക്യാമ്പ് തുടങ്ങേണ്ടി വരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കാട്ടൂർ പഞ്ചായത്തിൽ ഇട്ടിക്കുന്ന് കോളനി, മാഞ്ചിറ എന്നിവടങ്ങളിൽ ആറോളം വീടുകൾ വെള്ളക്കെട്ടിൽ ആയിട്ടുണ്ട്. പഞ്ചായത്തിൽ കനോലി കനാലിന്റെ തീരം ഇടിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പെരുവല്ലിപ്പാടം പ്രദേശത്ത് ഏതാനും വീടുകൾ വെള്ളക്കെട്ടിലാണ്. മാപ്രാണം വാതിൽമാടം കോളനിയിൽ വീടുകളുടെ പുറകിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. എട്ടോളം വീട്ടുകാർക്ക് ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് അധികൃതർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോളനിയിൽ നിന്ന് നാല് കുടുംബങ്ങളിലായി 11 പേർ മാപ്രാണം സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്.
തുടർച്ചയായ മഴയിൽ കരുവന്നൂർ കിഴക്കേ പുഞ്ചപ്പാടത്തെ 35000 ത്തോളം വാഴകൾ വെള്ളക്കെട്ടിൽ ആയിട്ടുണ്ട്.