തുടർച്ചയായ മഴയിൽ മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ ; എട്ട് കുടുംബങ്ങൾ ആശങ്കയിൽ; മണ്ണ് നീക്കാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ ; ഇടപെടലുകളുമായി നഗരസഭയും റവന്യൂ അധികൃതരും …

തുടർച്ചയായ മഴയിൽ മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ ; എട്ട് കുടുംബങ്ങൾ ആശങ്കയിൽ; മണ്ണ് നീക്കാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ ; ഇടപെടലുകളുമായി നഗരസഭയും റവന്യൂ അധികൃതരും …

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38 ൽ വാതിൽമാടം കോളനിയിൽ തുടർച്ചയായ മഴയിൽ മണ്ണിടിച്ചിൽ . തെക്കൂടൻ കൊച്ചക്കൻ മകൾ രേഖയുടെ വീടിന്റെ പുറകിലേക്കാണ് പുലർച്ചെയോടെ മണ്ണിടിഞ്ഞത്. ഇതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോളനിയിലെ എട്ട് വീട്ടുകാരും ആശങ്കയിലായി. സംഭവ സമയത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്ന അടുത്ത വീട്ടുകാരായ കുട്ടനും ഭാര്യയുമാണ് ഇവിടെ ഉണ്ടായിരുന്നത്. വീടുകളുടെ പുറകിലുള്ള മണ്ണ് നീക്കുന്നത് സംബന്ധിച്ച് സ്ഥലം ഉടമസ്ഥനായ മാപ്രാണം പ്ലാക്കൻ കുറ്റിക്കാടൻ ആൻസൻ 2022 ജനുവരി 24 ന് ജനക്ഷേമം പരിപാടിയിൽ പരാതി നൽകിയിരുന്നു. എന്നാൽ ജിയോളജി വകുപ്പിൽ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചില്ലെന്നാണ് പരാതി . വിഷയത്തിൽ നഗരസഭ ജാഗ്രത പുലർത്തിയില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ യുടെ നേത്യത്വത്തിൽ സ്ഥലത്ത് എത്തിയ നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചു. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ , കൗൺസിലർ ബൈജു കുറ്റിക്കാടൻ , മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി കളക്ടർമാരായ മനോജ് നായർ ,ശ്യാമള, വില്ലേജ് ഓഫീസർ യു സി സന്ദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് കോളനിവാസികളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അപകട ഭീഷണി നേരിടുന്ന വീട്ടുകാരെ മാറ്റി പാർപ്പിക്കാനും അടിയന്തരമായി മണ്ണ് നീക്കുന്ന വിഷയം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പ്പെടുത്താനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് നഗരസഭയിൽ ഉടൻ തന്നെ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും കോളനി നിവാസികളുടെയും യോഗം വിളിച്ച് ചേർക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം ബി രാജുമാസ്റ്റർ, വാർഡ് കൗൺസിലർ ലേഖ കെ ആർ , സിപി എം ലോക്കൽ സെക്രട്ടറി ആർ എൽ ജീവൻലാൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: