മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ..
ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി.
വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് ഷൈമി (39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടോ എന്ന നിരന്തര സംശയത്താലുള്ള വൈരാഗ്യത്താലും പ്രതിയുടെ മകനെ ഗൗരവതര ലൈംഗിക അതിക്രമം നടത്തുന്നത് തടയുന്നതിലും പുറത്തുപറയും എന്നതിലുള്ള വൈരാഗ്യത്താലുമാണ് പ്രതി കുറ്റം ചെയ്തത്. കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന പുത്തന്‍ചിറ പിണ്ടാണി ദേശത്തുള്ള ഒറ്റ നിലവാര്‍ത്ത വീടിന്റെ ഹാളിനുള്ളില്‍ വച്ച് റഹ്മത്തിനെ നിലത്തിട്ട് പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കണ്‍ മുന്നില്‍വച്ച് കഴുത്തില്‍ ബലമായി പിടിച്ച് അമര്‍ത്തിയും ബെഡ്‌റൂമിലേക്ക് വലിച്ചുകൊണ്ടുപോയി ബെഡ്‌റൂമിലെ കട്ടിലിന് സമീപം താഴെ തറയില്‍ ഉള്ള ലൈറ്റ് ബെഡില്‍ കിടത്തി തുടര്‍ന്നും അവിടെ വച്ച് റഹ്മത്തിന്റെ കഴുത്തില്‍ ബലമായി പിടിച്ച് ഞെരിച്ചമര്‍ത്തി കൊലപ്പെടുത്തിയ ശേഷം മൂക്കിന്റെ മുന്‍ഭാഗത്ത് വിരല്‍ വെച്ച് ശ്വാസം ഉണ്ടോ എന്ന് നോക്കി മരണം ഉറപ്പുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷയെ സംബന്ധിച്ച വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 26 ലേക്ക് വെച്ചു. മാള പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഓ വി. സജിന്‍ ശശി എന്നവര്‍ രജിസ്റ്റര്‍ ചെയ്യുകയും കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതുമാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 28 സാക്ഷികളെ വിസ്തരിക്കുകയും 72 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷാ ജോബി, മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.