ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടത് സർക്കാരിനെതിരെ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച ; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഗതികേട് കൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റുകാരിയായ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണൻ …
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടത് സർക്കാരിന് എതിരെ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച . പൂതംക്കുളം മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറയ്ക്കൽ ബാരിക്കേഡുകളുമായി നിന്നിരുന്ന പോലീസ് തടഞ്ഞു. സർക്കാരിനും പോലീസിനും എതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയ യുവമോർച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളി നീക്കാൻ ശ്രമിച്ചു. പ്രതിഷേധം തുടർന്നതോടെ പോലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഭുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ക്രിമിനലുകളെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർന്നെന്നും മന്ത്രി ബിന്ദു രാജി വയ്ക്കണമെന്നും യുവമോർച്ച നേതാവ് ആവശ്യപ്പെട്ടു. ഗതികേട് കൊണ്ടാണ് വ്യാജ ബിരുദക്കാരിയായ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തതെന്നും പോലീസിലും കുറെ പാർട്ടിക്കാർ കയറികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു യുവമോർച്ച ജില്ലാ പ്രസിഡണ്ട് സതീഷ് മരതൂർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ആർ ഹരി, ജസ്റ്റിൻ ജേക്കബ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടുയിരിപ്പിൽ , ബിജെപി മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട തുടങ്ങിയവർ പ്രസംഗിച്ചു.