ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി ; കാർഷിക മേഖലയിലേക്ക് എവരെയും എത്തിക്കാൻ ലക്ഷ്യമിട്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സർക്കാർ ആരംഭിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഞാറ്റുവേല മഹോൽസവം ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ തുടർച്ചയായി ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടി സർക്കാർ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതു വരെ കാർഷിക മേഖലയിലേക്ക് പ്രവേശിക്കാത്തവരിലേക്കും കൃഷി എത്തിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാർഷിക മേഖലയുടെ നവീകരണത്തിന് ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഞാറ്റുവേല മഹോൽസവത്തിന്റെ ഭാഗമായി ആദര സംഗമങ്ങൾ, സാഹിത്യ സദസ്സുകൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടക്കും. വൈവിധ്യമാർന്ന അമ്പതോളം സ്റ്റാളുകളും ടൗൺ ഹാളിൽ തയ്യാറാക്കിയിട്ടുണ്ട്.