ലേലതുക അടയ്ക്കാൻ ആവശ്യപ്പെട്ട് ദേവസ്വത്തിന് നഗരസഭയുടെ നോട്ടീസ്; നടപടി ബിജെപി കൗൺസിലറുടെ പരാതിയെയും ഫൈനാൻസ് കമ്മിറ്റിയുടെ നിർദ്ദേശത്തെയും തുടർന്ന് ; വിഷയം കൗൺസിലിലേക്ക് വിടാൻ ഭരണ സമിതി തീരുമാനം …
ഇരിങ്ങാലക്കുട: 2023 ലെ കൂടൽമാണിക്യ ക്ഷേത്രോൽസവുമായി ബന്ധപ്പെട്ട് നഗരസഭ റോഡുകളിൽ കച്ചവട സ്റ്റാളുകൾ നടത്തി ലഭിച്ച ലേലതുക നഗരസഭ ഫണ്ടിലേക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് സെക്രട്ടറി നോട്ടീസ് നല്കിയത് ബിജെപി കൗൺസിലറുടെ പരാതിയെയും ഫൈനാൻസ് കമ്മിറ്റിയുടെ നിർദ്ദേശത്തെയും തുടർന്ന് . മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറെ നടകളിലെ നഗരസഭ റോഡുകളിൽ വിപുലമായിട്ടാണ് സ്റ്റാളുകൾ നടത്തുന്നതെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ സന്തോഷ് ബോബൻ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മൂന്ന് ബിജെപി പ്രതിനിധികൾ ഉള്ള ഫൈനാൻസ് കമ്മിറ്റിയിലും വിഷയം വരികയും മൂന്ന് യുഡിഎഫ്, മൂന്ന് ബിജെപി , ഒരു എൽഡിഎഫ് മെമ്പറുമുള്ള കമ്മിറ്റിയും ഐക്യകണ്ഠ്യേന നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. പരാതിയെ തുടർന്ന് നഗരസഭയിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ലേല തുക നഗരസഭ ഫണ്ടിലേക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ദേവസ്വം ഭരണസമിതി വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് വരികയും ഗൂഡാലോചന ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വിടാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.