അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ;2025 വർഷത്തെ സമ്മാനമായി അഴീക്കോട് മുനമ്പം പാലം സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് …
കൊടുങ്ങല്ലൂർ :തൃശൂർ – എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം 2025 വർഷത്തെ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിൻ്റെ നിർമ്മാണോദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാക്കി പാലം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ മുഖ്യാതിഥി ആയിരുന്നു.
അഴീക്കോട് ഐ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ഡേവിസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ടീം ലീഡർ നോർത്ത് കെ ആർ എഫ് ഇ ബി (കേരള റോഡ് ഫണ്ട് ബോർഡ്) എസ് ദീപു സാങ്കേതിക വിവരണം നടത്തി.
എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതിലൂടെ രണ്ട് സംസ്കാരങ്ങളും രണ്ട് നാടും ഒന്നായി തീരുകയും ഇരുകരകളുടെയും വികസന കുതിപ്പിന് ഏറെ സാധ്യതകൾ തുറന്നിടുകയാണ്. അഴീക്കോട് മുനമ്പം പാലം കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്.
കിഫ്ബിയിൽനിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുക. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും.
നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ച് മണി മുതൽ നടന്ന കലാസന്ധ്യ ഗ്രാമോത്സവത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര, നൃത്താവിഷ്കാരങ്ങൾ, നാടൻപാട്ടുകൾ, സംഗീത വിരുന്ന്, ലഘുനാടകങ്ങൾ തുടങ്ങിയവ അരങ്ങേറി.
തൃശൂർ, എറണാകുളം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തൃശൂർ – എറണാകുളം ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.