ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ കെട്ടിടം മെയ് 23 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; പൂർവവിദ്യാർഥി കൂടിയായ ഇന്നസെന്റിന്റെ സ്മരണാർത്ഥം ഓഡിറ്റോറിയം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
സ്കൂൾ കെട്ടിടത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ ജല പരിശോധന ലാബിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.
സ്കൂളിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും നടനുമായ ഇന്നസെന്റിന്റെ അനുസ്മരണാർത്ഥം ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിക്കുന്നതിന് 1 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക ടി കെ ലത, എച്ച് എസ് എസ് വിഭാഗം പ്രധാനാധ്യാപകൻ എം കെ മുരളി, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവരും പങ്കെടുത്തു.