എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 19, 20 തീയതികളിലായി നടക്കുന്ന എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിനിധി സമ്മേളനം, സാസ്കാരിക സദസ്സ് , വിദ്യാർഥി റാലി, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടക സമിതി കൺവീനർ പി മണി,എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 19 ന് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 160 പേർ പങ്കെടുക്കും. വൈകീട്ട് 5 ന് നടക്കുന്ന സാംസ്കാരിക സദസ്സ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് ഉദ്ഘാടനം ചെയ്യും. 20 ന് വൈകീട്ട് 4 മണിക്ക് പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർഥി റാലിയിൽ ആയിരം പേർ പങ്കെടുക്കും. തുടർന്ന് ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപത്തെയും സ്വകാര്യവൽക്കരണത്തെയും പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര നയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും ഇവർ അറിയിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡണ്ട് അർജുൻ മുരളീധരൻ ,എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ , എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.