ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ദീപങ്ങൾ മിഴി തുറന്നു ; വലിയവിളക്ക് ഭക്തിനിർഭരം; നാളെ പള്ളിവേട്ട …

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ദീപങ്ങൾ മിഴി തുറന്നു ; വലിയവിളക്ക് ഭക്തിനിർഭരം; നാളെ പള്ളിവേട്ട …

ഇരിങ്ങാലക്കുട :ശ്രീ കൂടൽ മാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് നടന്ന വലിയ വിളക്ക് ഭക്തി സാന്ദ്രം. ക്ഷേത്രത്തിനകത്തും പുറത്തും നിറഞ്ഞ മൺചെരാതുകളിൽ തെളിഞ്ഞ ദീപങ്ങൾ വലിയ വിളക്കിന്റെ പ്രൗഡി വിളിച്ചോതി. കുലീപിനി തീർത്ഥക്കരയിലും ഗോപുര കവാടങ്ങളിലും വിളക്കുമാടത്തിലും ദീപങ്ങൾ തെളിഞ്ഞു.
ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട എഴുന്നള്ളത്ത് വ്യാഴാഴ്ച നടക്കും. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ഉൽസവത്തോടുബന്ധിച്ച് ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും . അത്താഴപൂജക്ക് ആവാഹിച്ചെഴുന്നളളിച്ച് ശ്രീഭൂതബലി കഴിഞ്ഞാൽ കൊടിമരച്ചുവട്ടിൽ വെച്ച് ദേവന്റെ അനുവാദം വാങ്ങി പള്ളിവേട്ടയ്ക്ക് പാണികൊട്ടും. പള്ളിവേട്ട എഴുന്നളളത്തിന് മുന്നോടിയായി ചമയങ്ങളില്ലാത്ത ആനയെ മുമ്പിൽ നടത്തും. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്തു കൊള്ളിക്കുകയാണ് ചെയ്യുന്നത് . മുളയത്ത് നായർക്കാണ് അമ്പെയ്യാനുള്ള അവകാശം. കൊറ്റായിൽ നായർ പന്നിയെ ചുമക്കും . തിരിച്ചെഴുന്നളളത്തിനോടനുബന്ധിച്ച് പഞ്ചവാദ്യം, പാണ്ടിമേളം എന്നിവ നടക്കും.

Please follow and like us: