പദ്ധതി നിർവഹണത്തിൽ ജില്ലയിൽ പുറകിലായ ഇരിങ്ങാലക്കുട നഗരസഭ ഭരണ നേത്യത്വത്തിനും സ്‌റ്റീയറിംഗ് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും പ്രതിപക്ഷ വിമർശനം; വീഴ്ചകൾ അംഗീകരിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും ഭരണപക്ഷം; നഷ്ടപ്പെടുത്തിയത് എഴരക്കോടി രൂപയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം …

പദ്ധതി നിർവഹണത്തിൽ ജില്ലയിൽ പുറകിലായ ഇരിങ്ങാലക്കുട നഗരസഭ ഭരണ നേത്യത്വത്തിനും സ്‌റ്റീയറിംഗ് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും പ്രതിപക്ഷ വിമർശനം; വീഴ്ചകൾ അംഗീകരിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും ഭരണപക്ഷം; നഷ്ടപ്പെടുത്തിയത് എഴരക്കോടി രൂപയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം …

ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പുറകിൽ ആവുകയും എഴരക്കോടിയോളം രൂപ നഷ്ടപ്പെടുത്തുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ നേത്യത്വത്തെയും എഞ്ചിനീയറിംഗ് വിഭാഗത്തെയും നിശിതമായി വിമർശിച്ച് പ്രതിപക്ഷം. ജില്ലയിലെ നഗരസഭകളിൽ പദ്ധതി നിർവ്വഹണത്തിൽ അവസാനത്തെ സ്ഥാനത്തും സംസ്ഥാനത്തെ 87 നഗരസഭകളിൽ 70-ാം സ്ഥാനത്തുമാണ് ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി നിർവഹണത്തിൽ ദയനീയമായ അവസ്ഥയിലാണ് ഇരിങ്ങാലക്കുട നഗരസഭയെന്നും സ്റ്റീയറിംഗ് കമ്മിറ്റി നിർജ്ജീവമായെന്നും രണ്ടോ മൂന്നോ പേർ വട്ടം കൂടിയിരുന്ന് തീരുമാനിക്കുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങളെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ചൂണ്ടിക്കാട്ടി. മികച്ച ചെയർപേഴ്സണുള്ള അവാർഡ് നേടിയ സോണിയ ഗിരിയെയും ” പിന്നിൽ നിന്നുള്ള നല്ല ചെയർപേഴ്സനാണോ അവാർഡ് ‘ എന്ന് ചോദിച്ച് ബിജെപി കൗൺസിലർ പരിഹസിച്ചു. പദ്ധതി നിർവഹണണത്തിൽ പ്രായോഗികമായ കാഴ്ചപ്പാട് സ്വീകരിക്കുന്നതിൽ എഞ്ചിനീയറിംഗ് വിഭാഗം പരാജയപ്പെട്ടുവെന്നും കാര്യങ്ങൾ ചെയ്യിക്കാനുള്ള ശേഷി പ്രകടിപ്പിക്കുന്നതിൽ ഭരണ നേത്യത്വവും പരാജയമായെന്ന് ബിജെപി കൗൺസിലർ ടി കെ ഷാജുവും വിമർശിച്ചു. പദ്ധതി നിർവഹണത്തിലെ മെല്ലെപ്പോക്കിനെക്കുറിച്ച് നിരവധി തവണ തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ചിലവഴിക്കാത്ത പദ്ധതിയുടെ വിശദീകരണം നൽകണമെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. എഴരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇല്ലാതാക്കിയതെന്നും ഫെബ്രുവരി മാസത്തിൽ ഒരു വാർഡിൽ പോലും പ്രവൃത്തി നടന്നിരുന്നില്ലെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ ചൂണ്ടിക്കാട്ടി. എസ്റ്റിമേറ്റ് എടുത്ത പ്രവൃത്തികൾ നടക്കാതെ പോകുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്ന് എൽഡിഎഫ് അംഗം അൽഫോൺസ തോമസും പറഞ്ഞു.

സങ്കടകരമായ അവസ്ഥയാണ് നഗരസഭയിൽ കാണുന്നതെന്ന് ഭരണകക്ഷി അംഗവും മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ സുജ സഞ്ജീവ്കുമാർ പറഞ്ഞു. എന്നാൽ പദ്ധതി ഫണ്ട് എല്ലാ വാർഡുകളിലേക്കും തുല്യമായി തന്നെയാണ് അനുവദിച്ചിട്ടുള്ളതെന്നും നിർവ്വഹണത്തിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് വീഴ്ചകൾ സംഭവിച്ചതായും സുജ സഞ്ജീവ്കുമാർ പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ കാര്യങ്ങൾ അംഗങ്ങൾ ഒരുമിച്ചാണ് തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂടി വിചാരിക്കണമെന്നും സമയത്തിന് ബില്ലകൾ ലഭിക്കണമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് പറഞ്ഞു. പദ്ധതി ചിലവ് കാണുമ്പോൾ നിരാശയുണ്ടെന്നും മാർച്ച് പകുതിക്ക് ശേഷം നിർജ്ജീവാസ്ഥയിൽ ആയിരുന്നു കാര്യങ്ങളെന്നും തങ്ങൾക്ക് നിർദ്ദേശങ്ങൾ കൊടുക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും വീഴ്ചകൾ അംഗീകരിച്ച് കൊണ്ട് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഭരണകക്ഷി അംഗവുമായ ജെയ്സൻ പാറേക്കാടൻ പറഞ്ഞു. പദ്ധതി നിർവഹണത്തെ ക്കുറിച് മുൻസിപ്പൽ എഞ്ചിനീയറർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും വൈസ് – ചെയർമാൻ ടി വി ചാർലി ചൂണ്ടിക്കാട്ടി.

പദ്ധതി നിർവഹണത്തിൽ പുറകിൽ ആയതിൽ വിഷമമുണ്ടെന്നും സോഫ്റ്റ് വെയറിൽ വന്ന മാറ്റം ആശങ്ക സ്യഷ്ടിച്ചുവെന്നും പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടെന്നും നഗരസഭ ഫണ്ട് നഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മുൻസിപ്പൽ എഞ്ചിനീയർ ഗീതാകുമാരി വിശദീകരിച്ചു. വിമർശനങ്ങൾ ഏറ്റെടുക്കുന്നുവെന്നും നവംബറിൽ കൂടുതൽ ഫണ്ട് ലഭിച്ചതോടെ പദ്ധതികൾ പൊളിച്ച് എഴുതേണ്ടി വന്നുവെന്നും തുടർന്ന് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസും പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സോഫ്റ്റ് വെയർ മാറ്റം ഇരിങ്ങാലക്കുട നഗരസഭക്ക് മാത്രമല്ലെന്നും കൂടുതൽ ഫണ്ട് നവംബറിൽ ജില്ലയിലെ തന്നെ കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകൾക്കും ലഭിച്ചിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

നഗരസഭയ്ക്ക് വേണ്ടി വർഷങ്ങളായി ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വ കെ ചന്ദ്രൻപിളളയെ മാറ്റണമെന്ന് യോഗത്തിൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: