ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചുള്ള കലൈമാമണി ഡോ. സംഗീത കബിലന്റെ ഭരതനാട്യം ശ്രദ്ധേയമായി…

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചുള്ള കലൈമാമണി ഡോ. സംഗീത കബിലന്റെ ഭരതനാട്യം ശ്രദ്ധേയമായി…

ഇരിങ്ങാലക്കുട: ആയിരത്തിലധികം വേദികളില്‍ നൃത്ത ചുവടുകള്‍ വച്ച പ്രശസ്ത നര്‍ത്തകി കലൈമാമിണി ഡോ. സംഗീത കബിലന്‍ ശ്രീ കൂടൽമാണിക്യ ഉൽസവ വേദിയിൽ അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി. ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചായിരുന്നു നൃത്തവേദിയില്‍ ഭരതനാട്യം അരങ്ങേറിയത്. സ്വാതി തിരുനാളിന്റെ കൃതിയിലെ കൃഷ്ണനും രാധയും യമുനാ നദീതീരത്ത് കണ്ടുമുട്ടുമ്പോഴുള്ള ശൃംഗാര ഭാവവും ശിവഭഗവാന്റെ വരവിനെ നായിക കാത്തുനില്‍ക്കുന്ന പ്രണയവും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്നതും ഗുരുവായൂരപ്പനാണ് ശരണമെന്ന വിളിച്ചോതുന്ന ഭക്തിരസത്തിലെ ഗാനവും കോര്‍ത്തിണക്കിയാണ് ഭരതനാട്യം അവതരിപ്പിച്ചത്. പന്തനല്ലൂര്‍ ശൈലിയിലുള്ള ഭരതനാട്യമാണ് അവതരിപ്പിച്ചത്. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങി വിദേശ രാജ്യങ്ങളിലും ഇനിനകം വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ച് നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ബാംഗ്ലൂരില്‍ ഉഷസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. 2021 ല്‍ അമേരിക്കയിലെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. 2018 ല്‍ ശ്രീശ്രീനാരായണ തീര്‍ഥസ്വാമികള്‍ നല്‍കിയ നൃത്തകലാകിഷോരി അവാര്‍ഡ് , 2015 ല്‍ ആറാം ഇന്റര്‍നാഷണല്‍ കഥക് ഫെസ്റ്റിവലില്‍ നൃത്യശിരോമണി, 2008 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി, 2008ല്‍ ഡല്‍ഹി തമിഴ്‌സംഘത്തിന്റെ നാട്യതാരകൈ, 2008 ല്‍ ഉലക തമിഴ് കവിങ്ങ്യര്‍ പേരവൈയുടെ നാട്യപേരോളി, 2003 ല്‍ ശ്രീലങ്കയില്‍ വച്ച് രണ്ടാം ലോക ഹിന്ദുകോണ്‍ഫറന്‍സില്‍ വച്ച് കബിലന്‍ സിസ്റ്റേഴ്‌സ്, 2001 ല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ വച്ച് നൃത്യകലാ സേവ നിരുത എന്നീ അാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ശ്രീവിദ്യ രാംനാഥാണ് പാട്ടുപാടിയത്. ഡി.വി. പ്രസന്നകുമാര്‍ നട്ടുവാങ്കവും പ്രത്വികൃഷ്ണ മൃദംഗവും എം.ഡി. അര്‍ജുന്‍ വയലിനും വിവേക് വി. കൃഷ്ണ ഓടക്കുഴലും വായിച്ചു. എല്ലാ വര്‍ഷവും നടക്കുന്ന ചെന്നെ മാര്‍ഗഴി ഫെസ്റ്റിവലിലും മാമല്ലപ്പുരം ഡാന്‍സ് ഫെസ്റ്റിവലിലും ഭരതനാട്യം അവതരിപ്പിക്കാറുണ്ട്.

Please follow and like us: