“കരുതലും കൈത്താങ്ങും ” -മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നത് 300 പരാതികൾ …

“കരുതലും കൈത്താങ്ങും ” -മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നത് 300 പരാതികൾ …

ഇരിങ്ങാലക്കുട : മന്ത്രിമാർ നേരിട്ട് ജനങ്ങൾക്കിടയിലേക്ക് വരുന്ന മുകുന്ദപുരം താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നത് 300 പരാതികൾ . മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന അദാലത്തിൽ വിവിധങ്ങളായ 28 വിഷയങ്ങളെ സംബന്ധിക്കുന്ന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് മുകുന്ദപുരം തഹസിൽദാർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. റവന്യൂ വകുപ്പുമായി മാത്രം ബന്ധപ്പെട്ട് 58 പരാതികളാണ് ലഭിച്ചിട്ടുള്ളത്. മെയ് 16 നേരിട്ട് ലഭിക്കുന്ന പരാതികളും പരിഗണിക്കും.
സമയ ക്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ സമയക്രമം ആവശ്യപ്പെട്ടുവെങ്കിലും ബസ്സുടമകൾ ആരും പ്രതികരിച്ചില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചു. വിഷയം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി നിർദ്ദേശിച്ചു.
സെർവർ പ്രശ്നത്തിന്റെ പേരിൽ റേഷൻ വിതരണം മുടങ്ങിയത് സാധാരണക്കാർക്ക് ദുരിതമായി മാറിയെന്നും എപ്രിൽ മാസത്തെ റേഷൻ കൈപ്പറ്റാൻ കൂടുതൽ സമയം അനുവദിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മെയ് 5 വരെ സമയം നീട്ടി നല്കിയിരുന്നുവെന്നും സംസ്ഥാനത്ത് 79 ശതമാനം പേരും റേഷൻ കൈപ്പറ്റിയെന്നതാണ് കണക്കെന്നും വകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. കമ്മ്യൂണിറ്റി സർവീസ് സെന്ററായി റേഷൻ കടകളെ മാറ്റുന്ന കെ – സ്റ്റോർ പദ്ധതിയുടെ ഉദ്ഘാടനം മെയ് 14 ന് തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
മഴക്കാലത്ത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളെ സംബന്ധിച്ച് മെയ് 10 ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധവല്ക്കരണ ക്ലാസ്സ് നൽകുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. മഴക്കാലത്തിന് മുമ്പായി കാനകളും തോടുകളും വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, പുതുക്കാട് എംഎൽഎ യുടെ പ്രതിനിധി എ വി ചന്ദ്രൻ , മറ്റ് ജനപ്രതിനിധികൾ , വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: