ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; മോഹനിയാട്ടത്തില്‍ ലക്ഷ്മണ വേഷത്തില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഡോ കലാമണ്ഡലം സൗമ്യ …

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; മോഹനിയാട്ടത്തില്‍ ലക്ഷ്മണ വേഷത്തില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഡോ കലാമണ്ഡലം സൗമ്യ …

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ പന്തലിൽ നടന്ന ഡോ സൗമ്യ സുഭാഷിന്റെ മോഹിനിയാട്ട അവതരണം ശ്രദ്ധേയമായി. മോഹിനിയാട്ട വേഷത്തില്‍ ലക്ഷ്മണനായാണ് ഡോ. കലാമണ്ഡലം സൗമ്യ അരങ്ങിലെത്തിയത്. അധ്യാപകനും എഴുത്തുകാരനുമായ ഭര്‍ത്താവ് സുഭാഷ് ചമ്രവട്ടം രചിച്ച് സഹപാഠിയായ കലാമണ്ഡലം സുപ്രഭ സംഗീത് സംഗീതം നല്‍കി ആലപിച്ച സാരംഗി രാഗം ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ വര്‍ണം ഏറെ ജനപ്രീതി നേടി. സ്വന്തമായിത്തന്നെ ചിട്ടപ്പെടുത്തിയ ഗംഭീരനാട്ട രാഗം ആദിതാളത്തിലുള്ള ഗണപതി സ്തുതിയും, രാഗേശ്രീ രാഗം ആദിതാളത്തിലുള്ള തില്ലാനയുമായിരുന്നു. സുപ്രഭയോടൊപ്പം കലാമണ്ഡലം പൂജ (നട്ടുവാങ്കം), കലാമണ്ഡലം ഉണ്ണിക്കുട്ടന്‍ (മൃദംഗം), സംഗീത് മോഹന്‍ (വയലിന്‍) എന്നിവരായിരുന്നു പിന്നണിയില്‍. ഹൈസ്‌കൂള്‍തലം മുതല്‍ കലാമണ്ഡലത്തില്‍ നിന്നുമാണ് കലാപഠനം ആരംഭിച്ചത്. ബിരുദാനന്തരബിരുദത്തിനുശേഷം ഡോക്ടറേറ്റും സൗമ്യ നേടി.ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പോടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും ആദ്യതവണ തന്നെ നേടി. മോഹിനിയാട്ട പഠിതാക്കള്‍ ഏറെ പ്രയോജനപ്പെടുത്തുന്ന മോഹിനിയാട്ടത്തിലെ പരിവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണ്. കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം പുഷ്പലത, കലാമണ്ഡലം പി.എസ്. ലതിക, കലാമണ്ഡലം വി. ലതിക, കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് പ്രധാന ഗുരുക്കന്‍മാര്‍. പ്ലസ്ടു ആട്‌സ് ഹയര്‍ സെക്കന്‍ഡറിയില്‍ ഗോള്‍ഡ് മെഡലോടെ ഫസ്റ്റ് റാങ്ക്, സെന്‍ട്രല്‍ കള്‍ച്ചറല്‍ മിനിസ്ട്രി സ്‌കോളര്‍ഷിപ്പ്, സ്റ്റേറ്റ് കള്‍ച്ചറല്‍ മിനിസ്ട്രി ഫെലോഷിപ്പ് എന്നിവ നേടി. രാജ്യത്തിനകത്തും പുറത്തും നിരവധി പ്രധാന വേദികളില്‍ അവതരണം നടത്തിയിട്ടുണ്ട്. കേരള കലാമണ്ഡലം, ആര്‍എല്‍വി കോളജ് തൃപ്പുണിത്തുറ എന്നിവയില്‍ ജൂണിയര്‍ ലക്ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ആള്‍ ഇന്ത്യ ആട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രസന്റേഷനില്‍ ഇന്ത്യന്‍ ആര്‍ടിസ്റ്റുകളുടെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട് ദുബായില്‍ പരിപാടി അവതരിപ്പിക്കാനും ഡോ സൗമ്യക്ക് അവസരം ലഭിച്ചിരുന്നു.

Please follow and like us: