പദ്ധതി നിർവ്വഹണം ; 77.6 ശതമാനത്തോടെ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ …
ഇരിങ്ങാലക്കുട : 2022-23 സാമ്പത്തിക വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിന്റെ കണക്കുകൾ വ്യക്തമായപ്പോൾ ഇരിങ്ങാലക്കുട നഗരസഭ 77.6 ശതമാനത്തോടെ പുറകിൽ . കൊടുങ്ങല്ലൂർ നഗരസഭ 97. 16 ശതമാനവും ചാലക്കുടി നഗരസഭ 83.05 ശതമാനവുവുമാണ് പദ്ധതി ഫണ്ട് ചിലവഴിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭക്ക് 14,06, 39,000 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 10,90, 51, 141 കോടി രൂപയാണ് ചിലവഴിച്ചത്. മൂന്ന് കോടി രൂപയോളമാണ് നഷ്ടമായിരിക്കുന്നത്. പ്ലാൻ ജനറൽ വിഭാഗത്തിൽ 6,66,43, 702 രൂപ ലഭിച്ചപ്പോൾ ചിലവഴിക്കാൻ കഴിഞ്ഞത് 4,34, 37,888 രൂപ. പട്ടികജാതി വിഭാഗത്തിൽ 3,25, 85 , 298 രൂപ ലഭിച്ചപ്പോൾ ലഭിച്ചപ്പോൾ ചിലവഴിച്ചിരിക്കുന്നത് 2,55,64,507 രൂപയാണ്. സംസ്ഥാനത്തെ 87 നഗരസഭകളിൽ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ എറെ പുറകിലാണെന്ന് നഗരസഭ അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നൂറ് ശതമാനം ഫണ്ടും ചിലവഴിച്ചപ്പോൾ കാറളം (93.81 % ), കാട്ടൂർ (86. 48 % ), പൂമംഗലം (96.63 % ) , പടിയൂർ (97.69%), ആളൂർ (80%) , വേളൂക്കര (75 % ) , മുരിയാട് (91.27 %) എന്നിങ്ങനെയാണ് ചിലവഴിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ യോഗത്തിൽ വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ചയാണ് നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിനും സ്റ്റാന്റിംഗ് കമ്മിറ്റികൾക്കും സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി വിമർശിച്ചിരുന്നു. പദ്ധതി നിർവഹണത്തിന്റെ കണക്കുകൾ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ നഗരസഭകളിൽ ഇരിങ്ങാലക്കുട പുറകിലാണെന്ന് എൽഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നു.