പുനർ നിർമ്മിച്ച ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു ; സാമൂഹിക പരിഷ്കർത്താക്കളുടെ നേത്യത്വത്തിൽ നടന്ന പോരാട്ടങ്ങളെ വിസ്മരിച്ച് കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; അടിസ്ഥാന ചിലവുകൾ മാത്രം ഈടാക്കി പട്ടികജാതി വിഭാഗങ്ങൾക്ക് ഹാൾ സൗജന്യമായി നൽകണമെന്ന് മന്ത്രി …
ഇരിങ്ങാലക്കുട : സാമൂഹിക പരിഷ്കർത്താക്കളുടെ നേത്യത്വത്തിൽ നടന്ന പോരാട്ടങ്ങളെ വിസ്മരിച്ച് കൊണ്ട് ഒരു ജനതക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി വികസന ഫണ്ടിൽ നിന്നും മൂന്നരക്കോടി രൂപ ചിലവഴിച്ച് മാപ്രാണം സെന്റിൽ പുനർ നിർമ്മിച്ച ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളുടെ ഓർമ്മകൾ പുതുക്കുന്ന കാഘട്ടം കൂടിയാണ് കടന്ന് പോകുന്നതെന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നാൾ വഴികളും നൂറാം വാർഷികാഘോഷങ്ങളും ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി ചാത്തൻ മാസ്റ്ററുടെ നേത്യത്വത്തിൽ നടന്ന കുട്ടംകുളം സമരത്തെയും എടുത്ത് പറയേണ്ടതുണ്ട്.
വൈദ്യുതി, വെള്ളം തുടങ്ങിയ ചാർജ്ജുകൾ മാത്രം ഈടാക്കി ഹാൾ പട്ടികജാതി വിഭാഗങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ എന്നതിന് പകരം സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച് കൗൺസിൽ തീരുമാനിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , വൈസ്- ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ , സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമായ സി എം സാനി, അഡ്വ കെ ആർ വിജയ , സന്തോഷ് ബോബൻ , അൽഫോൺസ തോമസ്, പി ടി ജോർജ്ജ് , മുനിസിപ്പൽ എഞ്ചിനീയർ ഗീതകുമാരി , സൂപ്രണ്ട് ദിലീഷ് തുടങ്ങിയവർ സംസാരിച്ചു.