പൂമംഗലം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ലക്ഷം രൂപ ചിലവിൽ …
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര യാത്രക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഒരുക്കുക എന്നതാണ് പഞ്ചായത്തിലെ നെറ്റിയാട് സെന്ററിൽ നിർമ്മിച്ചിട്ടുളള ടേക്ക് എ ബ്രേക്ക്- വഴിയിടം എന്ന പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, ഫീഡിങ് റൂം എന്നിവയോട് കൂടിയാണ് വഴിയിടം ഒരുക്കിയിരിക്കുന്നത്. പത്തുലക്ഷത്തിഇരുപതിനായിരം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഞ്ചായത്ത് അസി. എഞ്ചിനീയർ അഞ്ജലി പി കെ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കവിത സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി എ സന്തോഷ് ടി എ, ഹൃദ്യ അജീഷ്, അംഗങ്ങളായ കെ എൻ ജയരാജ്, സന്ധ്യ വിജയൻ , ലത വിജയൻ , സെക്രട്ടറി പി വി ഷാബു എന്നിവർ സംസാരിച്ചു.