ആരോഗ്യമേഖലക്ക് നാല് കോടിയും കുടിവെള്ള പദ്ധതിക്ക് പതിമൂന്ന് കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് ആറര കോടിയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ബഡ്ജറ്റ് …
ഇരിങ്ങാലക്കുട : ആരോഗ്യ മേഖലക്ക് നാല് കോടി പത്ത് ലക്ഷവും കാർഷിക മേഖലക്ക് ഒരു കോടി നാല്പത്തിയേഴ് ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് ആറര കോടി രൂപയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ബഡ്ജറ്റ് . 1, 11,77,39,772 രൂപ വരവും 1,09, 16,46,280 രൂപ ചിലവും 2,60,93,492 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 13, 05 ,80,000 രൂപ കുടിവെള്ള പദ്ധതികൾക്കായി മാറ്റി വച്ചിട്ടുണ്ട്. പദ്ധതിയുടെ പൂർത്തീകരണത്തോടെ നഗരസഭയിലെ കുടിവെള്ളക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ കഴിയുമെന്ന് നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി അവതരിപ്പിച്ച ബഡ്ജറ്റ് വ്യക്തമാക്കുന്നു. പട്ടണത്തിലെ റോഡുകൾക്കും പുതിയ കെട്ടിടങ്ങൾക്കുമായി ഒൻപത് കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ശുചിത്വം , മാലിന്യ സംസ്കരണം എന്നിവ ലക്ഷ്യമാക്കി വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്കായി ഒരു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ മികച്ച നിലയിൽ നടപ്പിലാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബഡ്ജറ്റ് ചൂണ്ടിക്കാണിക്കുന്നു. ലൈഫ് – പിഎംഎവൈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി 398 ലക്ഷം രൂപ ജനറൽ വിഭാഗത്തിനും 352 രൂപ പട്ടികജാതി വിഭാഗത്തിനും നഗരസഭ വകയിരുത്തിയിട്ടുണ്ട്.
അതി ദാരിദ്യനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 197 അതി ദാരിദ്ര്യ കുടുംബങ്ങളെ 2025 ആകുന്നതോടെ അതി ദാരിദ്ര്യരുടെ പട്ടികയിൽ നിന്നും മോചിതരാക്കുന്ന നടപടികളുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി ബഡ്ജറ്റ് എടുത്ത് പറയുന്നുണ്ട്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ട് വരുന്നതിനുള്ള പദ്ധതികൾക്കായി 2,77, 28 , 000 രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ വികസന മേഖലയിൽ 78 ലക്ഷം രൂപയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാഭ്യാസം – കലാ സംസ്ക്കാരികം മേഖലയിൽ ഒരു കോടി നാല്പത് ലക്ഷം രൂപയാണ് ചിലവഴിക്കുക. കുട്ടികളുടെ മേഖലക്ക് 34,00,000 രൂപയും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ പദ്ധതികൾക്കായി 64,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിക്കും. ബഡ്ജറ്റ് സംബന്ധിച്ച ചർച്ച ബുധനാഴ്ച കൗൺസിൽ ഹാളിൽ നടക്കും.