ധീരജ്, ഈ കരളിലെന്നും നിന്റെ സ്നേഹമിറ്റും;ഈ കരളലിയും സ്നേഹത്തിന് തീരാത്ത നന്ദി; സന്തേഷവുമായി ഷാജ്മലും കുടുംബവും ധീരജിന്റെ വീട്ടിലെത്തി…
ഇരിങ്ങാലക്കുട: ‘തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്’ കരള്‍ ദാനം നല്കിയ ധീരജിന്റെ കുടുംബത്തോട് ഷാജ്മലിന് പറയാനുള്ളത് ഇത്രമാത്രം. അത് പറയുമ്പോള്‍ ഷാജ്മലിന്റെ കണ്ണുകളില്‍ കൃതജ്ഞതയും സ്നേഹവും നിറയുകയായിരുന്നു. ധീരജിന്റെ കരള്‍ തന്നില്‍ തുടിച്ചതോടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളുമായി നന്ദി പറയുവാന്‍ ധീരജിന്റെ വീട്ടിലെത്തിയതാണ് ഷാജ്മലും കുടുംബവും. ‘എനിക്കു കരള്‍ നല്കാന് തയ്യാറായ ഈ കുടുംബത്തിന്റെ നല്ല മനസിന് ഒത്തിരി നന്ദി, ധീരജിനെയും ഈ കുടുംബത്തെയും എന്നും ഓര്‍ക്കുമെന്നും നിങ്ങളെന്നും എന്റെ പ്രാര്ഥനയിലുണ്ടാകുമെന്നും’ ഷാജ്മല് പറഞ്ഞു. 2022 ഡിസംബര്‍ 13 നാണ് മുന്‍ കാട്ടൂര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ ധീരജ് തേറാട്ടില്‍ (44) അന്തരിച്ചത്.മരണാനന്തര അവയവദാനം ധീരജിന്റെ ആഗ്രഹമായിരുന്നു. ധീരജിന്റെ വൃക്കകളും കരളുകളും മൂന്ന് പേര്‍ക്ക് ജീവനായി. കണ്ണുകള്‍ രണ്ടുപേര്‍ക്കു വെളിച്ചമായി. രണ്ടു കൈകളും ദാനം ചെയ്യാന്‍ ബന്ധുക്കളും ആശുപത്രി അധികൃതരും ശ്രമിച്ചിച്ചെങ്കിലും സ്വീകര്‍ത്താവിനെ കിട്ടാത്തതിനാല്‍ കഴിഞ്ഞില്ല. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുണ്ടായിരുന്ന പുത്തന്‍ചിറ സ്വദേശിയായ നാല്പത്താറുക്കാരനായ ഷാജ്മലിനാണു കരള്‍ നല്‍കിയത്. വൃക്കകള്‍ ഗവ. മെഡിക്കല്‍ കോളജിനും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കും കൈമാറി. നേത്രപടലം ഗിരിധര്‍ ആശുപത്രിയിലേക്കാണു നല്‍കിയത്. തനിക്കു കരള്‍ പകുത്തു നല്കിയ കുടുംബത്തെ നേരില്‍ കണ്ട് നന്ദിപറയണം എന്നുള്ളത് ഷാജ്മലിന്റെ ആഗ്രഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പുത്തന്‍ചിറ സ്വദേശി ഷാജ്മല് ഏഴു വര്‍ഷത്തോളമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരന്നു. കാട്ടൂര്‍ സ്വദേശിയുടെ കരളാണ് തന്നിലുള്ളതെന്ന് അറിഞ്ഞതോടെ ഷാജ്മലിന്റെ കുടുംബം കരാഞ്ചിറ സെന്റ്സേവിയേഴ്സ് പള്ളിയിലെത്തി. വികാരി ഫാ. ആന്റണി മുക്കാട്ടുക്കരയുമായി സംസാരിച്ചതോടെ ധീരജിന്റെ വീട്ടുകാരുമായി കൂടികാഴ്ച നടത്താനുള്ള സാഹചര്യമൊരുക്കി. ഭാര്യ ഹബീസ, മക്കളായ ഷഹന, രഹന എന്നിവരാണ് ഷാജ്മലിനൊപ്പം ധീരജിന്റെ വീട്ടിലെത്തിയത്. ധീരജിന്റെ പിതാവ് ജോര്‍ജ്, മാതാവ് മേരി, ഭാര്യ ജിഫ്ന, മക്കളായ കൃപ മരിയ, ക്രിസ് മാരിയോ, ക്രിസ്റ്റ്യാനോ, കാരിസ് മരിയ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ഇരു കുടുംബങ്ങളും ഒത്തിരി സ്നേഹത്തോടെയാണ് ഏറെനേരം ചിലവഴിച്ചത്. തന്റെ കുടുംബാംഗത്തിന്റെ ജീവന് ഇപ്പോഴും തുടിക്കുന്നതിലുള്ള സന്തേഷത്തിലായിരുന്നു ധീരജിന്റെ കുടുംബം. ഇനിയും വരുമെന്നും അടുത്ത തവണ ധീരജിനെ അടക്കം ചെയ്ത സെമിത്തേരിയില്‍ എത്തി പ്രാര്‍ഥിക്കുമെന്നും ഷാജ്മല് പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ പൊതു പ്രവര്‍ത്തനത്തിലൂടെ ഏവര്‍ക്കും സഹായമായിരുന്നതു പോലെ മരണശേഷവും പലരിലൂടെയും ഈ നന്മകള് കാണാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് ദൈവ നിശ്ചയമാണെന്നും ധീരജിന്റെ ഭാര്യ ജിഫ്ന പറഞ്ഞു.