മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ …

മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ
‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ …

ഇരിങ്ങാലക്കുട : നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവുന്നു.

മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ‘പച്ചക്കുട – കുംഭവിത്തു മേള’ ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളും മേള പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍, പച്ചക്കറിത്തൈകളും വിത്തുകളും, കാര്‍ഷിക യന്ത്രങ്ങള്‍, ജീവാണു വളങ്ങള്‍, ജൈവ-രാസ വളങ്ങള്‍, അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങൾ, ഭക്ഷ്യവസ്തുക്കള്‍, വിവിധ ചക്ക ഉല്‍പന്നങ്ങള്‍, ലൈവ് ഫിഷ് കൗണ്ടര്‍ എന്നിങ്ങനെ വിപുലമായ പ്രദര്‍ശനവും വിപണനവും മേളയില്‍ ഒരുക്കും.

വിദഗ്ദ്ധരായ കാര്‍ഷികശാസ്ത്രജ്ഞര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, കാര്‍ഷിക ഫോട്ടോഗ്രഫി പ്രദര്‍ശനം, ഇരിങ്ങാലക്കുട സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയുടെ പ്രദര്‍ശനം, പരിശീലന പരിപാടി എന്നിവയും ‘പച്ചക്കുട – കുംഭവിത്തു മേള’യിലുണ്ടാവുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന മേള വൈകീട്ട് ആറു വരെയുണ്ടാകും.

Please follow and like us: