നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന…
ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസ്സിൽ ലാ ടൊമാറ്റിന. രാജ്യത്ത് വിവരാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും നേരിടുന്ന അടിച്ചമർത്തലുകളാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ജോയ് മാത്യു, ശ്രീജിത്ത് രവി ,കോട്ടയം നസീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ നിലപാടുകൾ തന്നെയാണ് സംവിധായകൻ ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്ന് പ്രദർശനത്തിന് ശേഷം നടന്ന സംവാദത്തിൽ എഴുത്തുകാരൻ അശോകൻ ചരുവിലും നിർമ്മാണത്തിലെ മികവാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതെന്ന് സംവിധായകൻ സത്യൻ അന്തിക്കാടും ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ സഹ സംവിധായകൻ രാഹുൽ സജീവൻ , ഫോട്ടോഗ്രാഫർ മഞ്ജുലാൽ , നടൻ ഇസ്മയിൽ കരുവാരക്കുണ്ട് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.
മേളയുടെ നാലാം ദിനത്തിൽ പ്രദർശിപ്പിച്ച , തൃശ്ശൂർ സ്വദേശിയും നടനും സംവിധായകനുമായ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മായീ ഘട്ട്, സമകാലീന ബംഗാളി സിനിമയിലെ ശ്രദ്ധേയമായ പേരുകളിൽ ഒന്നായ അതാനു ഘോഷ് സംവിധാനം ചെയ്ത ദി ലാസ്റ്റ് പേജ്, സ്പാനിഷ് ചിത്രം ലല്ലബി എന്നിവ മികച്ച അഭിപ്രായം നേടി.
ചലച്ചിത്ര മേളയുടെ അഞ്ചാം ദിനമായ മാർച്ച് 7 ന് രാവിലെ 10 ന് മാസ് മൂവിസിൽ മറാത്തി ചിത്രമായ ഇറ്റ് ഈസ് ടൈം ടു ഗോ, 12 ന് മാസ് മൂവീസിൽ ബംഗ്ലാദേശി ചിത്രമായ ഹൗസ് വിത്ത് നോ നെയിം , വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ മലയാള ചിത്രമായ 19 ( 1 ) A എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.