വൈദ്യുതി വിതരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ അമ്പത് കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നു …
ഇരിങ്ങാലക്കുട : വൈദ്യുതി വിതരണ മേഖലയുടെ സമഗ്ര വികസനവും നവീകരണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കെഎസ്ഇബി അമ്പത് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നു. സുരക്ഷ, ശ്യംഖല നവീകരണം, വോൾട്ടേജ് കാര്യക്ഷമമാക്കൽ എന്നീ പ്രവ്യത്തികളാണ് കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. വിതരണ നഷ്ടം കുറക്കാനായി സംസ്ഥാനത്ത് 1755.84 കോടി രൂപയുടെയും ത്യശ്ശൂർ ജില്ലയിൽ 233.43 കോടി രൂപയുടെയും പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 50.50 കോടി രൂപയുടെയും നഗരസഭ പരിധിയിൽ 13 കോടി രൂപയുടെയും പദ്ധതികളാണ് 2023 – 24 ,2024 – 25, 2025-26 എന്നീ വർഷങ്ങളിലായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ 11 കെവി ലൈൻ വലിക്കൽ , 11 കെ വി റീ കണ്ടക്ടറിംഗ് , പഴയ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കൽ, പുതിയ എൽടി ലൈൻ വലിക്കൽ , എൽടി ലൈൻ റീ കണ്ടക്ടറിംഗ്, എൽടി ലൈൻ പരിവർത്തനം തുടങ്ങിയ നിർമ്മാണ പ്രവൃത്തികളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ 24 മണിക്കൂറും വൈദ്യതി ലഭ്യത ഉറപ്പു വരുത്താൻ കഴിയും.ആദ്യഘട്ട നിർമ്മാണ പ്രവ്യത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും കെഎസ്ഇബി അധികൃതർ അറിയിച്ചു.