ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; നിർമ്മാണോദ്ഘാടനം ഫെബ്രുവരി 24 ന് …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് . ഫെബ്രുവരി 24 ന് വൈകീട്ട് മൂന്നിന് വേളൂക്കര പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്കായി സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 19 .35 കോടിയുടെയും ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 164.87 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു. നഗരസഭയിലെ ജനങ്ങൾക്ക് ആളോഹരി പ്രതിദിനം 150 ലിറ്റർ വീതവും രണ്ട് പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ആളോഹരി പ്രതിദിനം 100 ലിറ്റർ വീതവും വിതരണം ചെയ്ത് കുടിവെളള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലേക്ക് 7727 ഉം 5552 ഉം വീടുകളിലേക്കും നഗരസഭയിൽ 74157 ഗാർഹിക ഉപഭോക്താക്കൾക്കും കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. കരുവന്നൂർ പുഴ സ്രോതസ്സായി ഇരിങ്ങാലക്കുടയിൽ നിന്നും പഞ്ചായത്തുകളിലേക്ക് വിതരണ ശ്യംഖലയും 10 ലക്ഷവും 12 ലക്ഷവും ലിറ്റർ വരുന്ന ജലസംഭരണികളും ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്.
മഴയിൽ തകർന്ന് വീണ കുട്ടംകുളം മതിൽ നിർമ്മാണത്തിന്റെ സാങ്കേതിക നടപടികൾ നടന്ന് വരികയാണെന്നും ഉൽസവത്തിന് മുൻപ് നിർമ്മാണോദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കലാനിലയം ഏറ്റെടുക്കാൻ ഇത് സംബന്ധിച്ചുള്ള ഭരണസമിതിയുടെ തീരുമാനം വേണമെന്നും ഇക്കാര്യം ലഭിച്ചിട്ടില്ലെന്നും മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്ന കാര്യം സജീവ പരിഗണയിൽ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത് കെ ജി , അസി. എഞ്ചിനീയർ എ ആർ ശ്രീവിദ്യ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.