വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം പുല്ലൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം;2009 ല്‍ 46 പവന്‍ സ്വര്‍ണവും 45000 രൂപയും മോഷണം നടന്ന വീട്ടില്‍ ; അവിട്ടത്തൂരിലും മോഷണശ്രമം ; ഒരേ സംഘമെന്ന നിഗമനത്തിൽ പോലീസ് ..
ഇരിങ്ങാലക്കുട : വീട്ടിലുള്ളവര്‍ ആശുപത്രി ആവശ്യത്തിനായി പോയ സമയം വീട് കുത്തിത്തുറന്ന് മോഷണം. പുല്ലൂര്‍ സഹകരണ ബാങ്കിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പള്ളത്ത് രവീന്ദ്രന്റെ വീടാണ് കുത്തി തുറന്നത്. ഇവരുടെ വീടിനോട് ചേര്‍ന്ന് ഹാര്‍ഡ് വെയര്‍ സഥാപനത്തിലും മോഷണം നടന്നിട്ടുണ്ട്. പുലര്‍ച്ചെയാണ് മോഷണം നടന്നത്. ചികില്‍സയിലുള്ള രവീന്ദ്രന്റെ മകളുടെ കുട്ടിയെ ആശുപത്രിയില്‍ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തുള്ള വാതില്‍ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ പൂജാമുറിയില്‍ വിവിധ ക്ഷേത്രങ്ങളിലേക്കായി നീക്കിവച്ചിരുന്ന ഭണ്ഡാരങ്ങളും കിടപ്പു മുറിയില്‍ സൂക്ഷിരുന്ന ചില്ലറ പൈസകളുടെ കവറും കവര്‍ന്നിട്ടുണ്ട്. വീട്ടില്‍ നിന്നും അയ്യായിരം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. സമീപത്തെ ഹാര്‍ഡ് വെയര്‍ കടയിലെ ഷട്ടറും കുത്തിതുറന്നു. കടയില്‍ സൂക്ഷിച്ചിരുന്നു രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലായതിനാല്‍ നഷ്ടമായില്ല. ലോക്കറിന്റെ താക്കോല്‍ ലഭിക്കുന്നതിനു വേണ്ടിയാകണം മോഷ്ടാക്കള്‍ അലമാരകളിലെ തുണികളെല്ലാം വലിച്ചുവാരിയിട്ടതെന്നു കരുതുന്നു. സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2009 ല്‍ മെയ് മാസത്തിലും ഈ വീട്ടില്‍ മോഷണം നടന്നിട്ടുണ്ട്. 46 പവന്‍ സ്വര്‍ണാഭരണങ്ങളും 45000 രൂപയുമാണ് അന്ന് മോഷണം പോയത്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
അവിട്ടത്തൂരില്‍ മോഷണ ശ്രമം ; മോഷ്ടാക്കള്‍ വീടും പരിസരവും കൃത്യമായി അറിയുന്നവര്‍.
ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ കോലംങ്കണ്ണി വീട്ടില്‍ റൂബി വിന്‍സെന്റിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി വീട്ടുകാര്‍ മകളുടെ വീട്ടിലായിരുന്നു താമസം. വീടിന്റെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. അലമാരകള്‍ കുത്തി തുറന്ന ശേഷം തുണികള്‍ നിലത്ത വാരി വലിച്ചിടുകയായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന വാച്ചോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.അതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടിയാണ് ശ്രമം നടത്തിയതായി കരുതുന്നത്. ആളൂര്‍ പോലീസ് സംഭവ സ്ഥത്തെത്തി അന്വേഷണം ആരംഭിച്ചു. പുല്ലൂരിലും അവിട്ടത്തൂരിലും സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടിയാണ് മോഷണം നടന്നതായി കരുതുന്നത്.
ഈ രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് നിഗമനം. ഇരു വീടുകളിലും വീട്ടുകാർ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണ് മോഷണം നടന്നത്. അതിനാല്‍ ഇരു വീടുകളെ ക്കുറിച്ചും വീട്ടുകാരെയക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാകണം ഇതിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.