ആളൂർ പഞ്ചായത്തിൽ വടിയൻച്ചിറ ബണ്ട് റോഡ് യാഥാർഥ്യമാകുന്നു; പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഈ വർഷം 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട :ആളൂർ പഞ്ചായത്ത് മാനാട്ടുകുന്ന്, വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം എംഎൽഎ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പഞ്ചായത്തിലെ ഏഴാം വാർഡിലെ 127-ാം നമ്പർ അങ്കണവാടിക്ക് 30 ലക്ഷം രൂപയും വിവിധ വാർഡുകളിലെ റോഡുകളുടെ നില മെച്ചപ്പെടുത്തുന്നതിനായി 41 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.കെ.യു.അരുണൻ മാസ്റ്റർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, വാർഡ് മെമ്പർ കെ ബി സുനിൽ, സെക്രട്ടറി അനൂപ് സി എൻ, ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.