കല്ലംകുന്ന് വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തം; അന്വേഷണത്തിന് തുടക്കമിട്ട് പോലീസും ഫോറൻസിക് വിഭാഗവും ; ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ; ഉൽപ്പാദനം പുനരാരംഭിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടി ഭരണസമിതി …
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപ്പിടുത്തത്തിന്റെ കാരണങ്ങൾ തേടി ഫോറൻസിക് വിഭാഗവും പോലീസും . തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂര്‍ റൂറല്‍ ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ ജാസ്മിന് മരിയ, രാധാകൃഷണന് എന്നിവരാണ് സ്ഥലത്തെത്തിയത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വെളിച്ചണ്ണ മില്ലില്‍ നിന്നും കത്തികരിഞ്ഞ ഇലക്ട്രക്കല്‍ വയറുകളും മറ്റും ശേഖരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തീപ്പിടുത്തത്തെ തുടർന്ന് യന്ത്ര സാമഗ്രികളും ഫർണീച്ചറും വെളിച്ചെണ്ണയും കൊപ്രയും കത്തി നശിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിസരത്തെ സിസി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുളള നടപടികളിലേക്ക് പോലീസ് വരും ദിവസങ്ങളിൽ കടക്കും.
അതേ സമയം വെളിച്ചെണ്ണ ഉൽപ്പാദനമുള്ള മേഖലയിലെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ അധികം വൈകാതെ ഉൽപ്പാദനം പുനരാരംഭിക്കാനും വിപണിയിൽ സാന്നിധ്യം തെളിയിച്ച കല്പശ്രീ ബ്രാൻഡ് നിലനിറുത്താനുമുള്ള ആലോചനകളിലാണ് ബാങ്ക് ഭരണ സമിതി. ഏതാനും ബാങ്കുകളുമായുള്ള പ്രാഥമിക ചർച്ചകളും ഭരണ സമിതി പൂർത്തിയാക്കി കഴിഞ്ഞു. അടഞ്ഞ് കിടക്കുന്ന മില്ലുകൾ ഉണ്ടെങ്കിൽ എറ്റെടുത്ത് നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പ്ലാന്റിലെ യന്ത്രങ്ങൾ ഏറെയും കത്തി നശിച്ചെങ്കിലും നാളികേരം കൊപ്രയാക്കുന്ന ഡ്രയർ യൂണിറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
പ്ലാന്റിന്റെ ആധുനികവല്‍ക്കരണത്തിനായി നബാർഡിൽ നിന്ന് നേരത്തെ നേടിയെടുത്ത അനുമതി സജീവമാക്കാനും ബാങ്ക് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ട്. വെളിച്ചെണ്ണ ഉൽപ്പാദനം വർധിപ്പിക്കാനുള്ള നബാർഡിന്റെ അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചറൽ ഫണ്ടിന്റെ സാധ്യതകൾ സജീവമാക്കാൻ ഇതിന്റെ ഭാഗമായി ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ലോണിനാണ് പ്ലാന്റിന്റെ നവീകരണത്തിനായി ബാങ്ക് നേരത്തെ അനുമതി തേടിയിരുന്നത്. തീപ്പിടുത്തത്തെ തുടർന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഭരണ സമിതി വിലയിരുത്തിയിട്ടുള്ളത്.