കേരഗ്രാമം പദ്ധതിയുമായി പടിയൂർ പഞ്ചായത്ത് ; പദ്ധതി നടപ്പിലാക്കുന്നത് 100 ഹെക്ടറിൽ ; ചിലവഴിക്കുന്നത് 25 ലക്ഷം രൂപ…

കേരഗ്രാമം പദ്ധതിയുമായി പടിയൂർ പഞ്ചായത്ത് ; പദ്ധതി നടപ്പിലാക്കുന്നത് 100 ഹെക്ടറിൽ ; ചിലവഴിക്കുന്നത് 25 ലക്ഷം രൂപ…

ഇരിങ്ങാലക്കുട:കേരഗ്രാമം പദ്ധതിയുമായി പടിയൂർ ഗ്രാമപഞ്ചായത്ത് . നാളികേരത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കുക വഴി കർഷകർക്ക് അർഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പടിയൂർ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. 2022-23 വർഷത്തിൽ പദ്ധതിക്കായി 25.6 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. പുതിയ തൈകൾ, കേടായ തെങ്ങുകൾ വെട്ടിമാറ്റൽ, കീടരോഗ നിയന്ത്രണം, ജൈവ വളം, രാസവളം, തെങ്ങ് കയറ്റ യന്ത്രം, പമ്പ് സെറ്റ് എന്നിവ സബ്സിഡി നിരക്കിൽ പദ്ധതി വഴി ഉറപ്പാക്കും. 17500 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹാളിൽ നടന്ന ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സുധ ദിലീപ്, രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി സുകുമാരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലിജി രതീഷ്, ടിവി വിബിൻ, ജയശ്രീലാൽ, പടിയൂർ കേരസമിതി പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ടി കെ ,മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കൃഷിഭവനിലെ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Please follow and like us: