വാർഷികമാഘോഷിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി; ആഗോളീകരണ സ്വാധീനങ്ങളെ പ്രതിരോധിക്കുന്ന കലാസംഘങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ …
ഇരിങ്ങാലക്കുട : ആൾക്കൂട്ടത്തെക്കാൾ ആൾക്കൂട്ടത്തിനിടയിലുളള ആശയത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികയോഗം ഓർമ്മ ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സിനിമയും സംഗീതവും സംസ്കാരവുമെല്ലാം ആഗോളവല്ക്കരണത്തിന് മെല്ലെ വിധേയമായി കൊണ്ടിരിക്കുന്ന കാലത്ത് നാടിനും സമൂഹത്തിനും ആവശ്യമായ ആശയങ്ങളുമായി പ്രതിരോധം തീർക്കുന്ന കലാസംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് എറെ പ്രസക്തി ഉണ്ടെന്ന് ഡേവീസ് മാസ്റ്റർ പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫിപ്രസ്കി സത്യജിത്ത് റേ മെമ്മോറിയൽ പുരസ്കാരം നേടിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. ഐ ഷൺമുഖദാസിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി നവീൻ ഭഗീരഥൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ജി സച്ചിത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് – പ്രസിഡന്റ് മനീഷ് അരീക്കാട്ട് സ്വാഗതവും ജോ. സെക്രട്ടറി ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി കെ ഭരതൻ മാസ്റ്റർ (രക്ഷാധികാരി) മനീഷ് വർഗ്ഗീസ് (പ്രസിഡന്റ്), ടി ജി സിബിൻ (വൈസ് – പ്രസിഡന്റ് ) , നവീൻ ഭഗീരഥൻ (സെക്രട്ടറി) , ജോസ് മാമ്പിള്ളി (ജോയിന്റ് സെക്രട്ടറി) , ടി ജി സച്ചിത്ത് (ട്രഷറർ ), പി ശ്രീനിവാസൻ (ഓഡിറ്റർ) എന്നിവരെയും പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.