ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക ക്രമക്കേട്; സസ്പെൻഷൻ നോട്ടീസ് നൽകാൻ വൈകിയതിനെ ചൊല്ലി എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം …
ഇരിങ്ങാലക്കുട : സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് നൽകാതിരുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. ക്രമക്കേട് കാണിച്ച ജീവനക്കാരനെ സസ്പെന്റ് ചെയ്യാൻ ഈ മാസം എട്ടിന് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും സസ്പെൻഷൻ നോട്ടീസ് ജീവനക്കാരന് നേരിട്ട് എത്തിക്കാൻ നടപടി സ്വീകരിക്കാതിരുന്ന നഗരസഭ അധികൃതരുടെ നടപടിയെ ചൊല്ലിയായിരുന്നു പ്രതിഷേധം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കൈപ്പറ്റിയില്ലെന്നും നോട്ടീസ് കൈപ്പറ്റാൻ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. വിവിധ വിഷയങ്ങളിൽ മിടുക്ക് കാണിക്കാറുള്ള സെക്രട്ടറിക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിരിക്കുകയാണെന്ന് അഡ്വ കെ ആർ വിജയ പറഞ്ഞു. വിഷയത്തിൽ ദുർവ്യാഖ്യാനം വേണ്ടെന്നും പല കൗൺസിലുകളിലും തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും തനിക്ക് ഉത്തരവിൽ ഒപ്പിടാൻ മാത്രമേ കഴിയുകയുള്ളുവെന്നും നടപടി നഗരകാര്യ ഡയറക്ടർക്കും അയച്ച് കൊടുത്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. തർക്കത്തിനിടയിൽ യോഗാധ്യക്ഷയായ താൻ പറഞ്ഞത് അനുസരിക്കാൻ കൗൺസിലർമാർ തയ്യാറാകമെന്നും കൗൺസിലർമാർ മര്യാദ പാലിക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. പെട്ടിക്കടക്കാരന്റെ വീട്ടിൽ വരെ ചെന്ന് നോട്ടീസ് പതിക്കാൻ ശുഷ്കാന്തി കാണിക്കുന്ന നഗരസഭക്ക് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് എൽഡിഎഫ് കൗൺസിലർ സി സി ഷിബിൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ അജണ്ടകൾക്ക് ശേഷം മാത്രമേ അനുവദിക്കാൻ കഴിയുകയുളളുവെന്ന് ചെയർപേഴ്സൺ പ്രഖ്യാപിച്ചു. ഇതോടെ നാറിയ ഭരണം തുലയട്ടെയെന്നും ചെയർപേഴ്സൺ രാജി വയ്ക്കണമെന്നും മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യ വിളികൾ തുടങ്ങി. ബഹളങ്ങൾക്കിടയിൽ കാര്യമായ ചർച്ചകൾ കൂടാതെ 19 അജണ്ടകളും മുക്കാൽ മണിക്കൂറിനുള്ളിൽ യോഗം പാസ്സാക്കി.
കരുവന്നൂർ ബാങ്കിന്റെ നിലപാട് മൂലം ഇരുപതോളം ഗുണഭോക്താക്കൾ ലൈഫ് പദ്ധതിയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണെന്നും പ്രശ്നം പരിഹരിക്കാൻ നിയമ സാധ്യത തേടണമെന്നും ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കണമെന്നും കോടികളുടെ ബാധ്യത ഏറ്റെടുത്തും ലൈഫ് പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടയിൽ ചെയർപേഴ്സൺ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ഭരണകക്ഷി അംഗങ്ങൾക്ക് നൽകി . യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.