കല്ലേറ്റുംകര വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് റീബിൽഡ് കേരള പദ്ധതിയിൽ നിന്നുള്ള 44 ലക്ഷം ചിലവഴിച്ച് ;പുറമ്പോക്ക് ഭൂമിയിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നല്കുമെന്ന് മന്ത്രി കെ രാജൻ …

കല്ലേറ്റുംകര വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത് റീബിൽഡ് കേരള പദ്ധതിയിൽ നിന്നുള്ള 44 ലക്ഷം ചിലവഴിച്ച് ;പുറമ്പോക്ക് ഭൂമിയിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നല്കുമെന്ന് മന്ത്രി കെ രാജൻ …

 

ഇരിങ്ങാലക്കുട : പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, ജലവകുപ്പ്, പൊതുമരാമത്ത്, വനം, ഇലക്ട്രിസിറ്റി തുടങ്ങി വകുപ്പുകളുമായി മൂന്നാം ഘട്ട ചർച്ച അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. കല്ലേറ്റുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളൂർ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് വില്ലേജ് ഓഫീസിലേക്കുളള ആധുനിക സൗകര്യങ്ങൾ ഒരുക്കിയത്.

 

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡായ കല്ലേറ്റുംകരയിലെ 15 സെന്റ് സ്ഥലത്ത് കാലപ്പഴക്കം വന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ്. 1360 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഹാൾ, ഡൈനിങ്ങ്, സ്റ്റോറേജ് റൂം, ജീവനക്കാർക്കുള്ള ശുചിമുറി, പൊതു ടോയ്‌ലറ്റ്, അംഗപരിമിതർക്കായി പ്രത്യേക ടോയ്‌ലറ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ വില്ലേജ് ഓഫീസർ എ എസ് ദീപയ്ക്ക് കെട്ടിടത്തിന്റെ താക്കോൽ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോജോ കെ ആർ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Please follow and like us: