ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകളും കുടുംബശ്രീ മോഡൽ സംഘങ്ങളും ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉണർവ്വ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കാട്ടൂർ പഞ്ചായത്തിൽ …
ഇരിങ്ങാലക്കുട:ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ സഹായത്തോടെ കാട്ടൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന പദ്ധതിയായ ഉണർവ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ സമ്പൂർണ്ണ പുനരധിവാസത്തിനായി ഉണർവ്വ് എന്ന പദ്ധതി സംസ്ഥാനത്താദ്യമായി ഒരുക്കുന്നത് കാട്ടൂർ ഗ്രാമപഞ്ചായത്താണ്. ഭിന്നശേഷി കുടുംബങ്ങൾക്കായി നാല് അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കും. അവർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയംസഹായ സംഘങ്ങൾ കൊണ്ടുവരും. ഭിന്നശേഷിക്കാരായ 8 ലക്ഷം പേർ സംസ്ഥാനത്തുണ്ട്. ഇവർക്കായി സാമ്പത്തിക – വിദ്യാഭ്യാസ സഹായങ്ങളും മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതികളുമുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ്മറിന്റെയും കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും സന്നദ്ധ സംഘടന ആയ തവനീഷിന്റെയും സഹായത്തോടെ ഒരുക്കുന്ന പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് സെക്രട്ടറി എം എച്ച് ഷാജിക് അവതരിപ്പിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷയായ ചടങ്ങിൽ നിപ്മർ ഡയറക്ടർ ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികൾ ആയി. ജനപ്രതിനിധികളായ മോഹനൻ വലിയാട്ടിൽ, സി സി സന്ദീപ്, ടി വി ലത, വിമല സുഗുണൻ, വി എ ബഷീർ, അമിത മനോജ്, സുനിത മനോജ്, ഇ എൽ ജോസ്, എൻ ഡി ധനീഷ് തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ വി എ കമറുദ്ദീൻ സ്വാഗതവും സിഡിഎസ് സൂപ്പർവൈസർ രേവതി ജി നാഥ് നന്ദിയും പറഞ്ഞു.