മുരിയാട് പഞ്ചായത്തിൽ മൂരിക്കോൾ പടവിലെ തോട് തകർന്ന് കനത്ത നാശം ; എട്ടര ഏക്കറിലെ കൃഷി ഒലിച്ച് പോയി …

മുരിയാട് പഞ്ചായത്തിൽ മൂരിക്കോൾ പടവിലെ തോട് തകർന്ന് കനത്ത നാശം ; എട്ടര ഏക്കറിലെ കൃഷി ഒലിച്ച് പോയി …

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് മുരിയാട് പാടശേഖരത്തിലെ മൂരിക്കോൾ പടവിലെ വലിയ തോട് തകർന്ന് കനത്ത നാശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തോട് പൊട്ടിയത്. ഇതോടെ എട്ടര ഏക്കറിലെ നെൽകൃഷി ഒലിച്ച് പോയി. നട്ടിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്ന് കർഷകർ പറഞ്ഞു. അഞ്ച് മീറ്റർ നീളത്തിലാണ് തോട് പൊട്ടിയത്. മുരിയാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ , ദിവാകരൻ, സുനാത് എന്നിവരാണ് ഇവിടെ കൃഷിയിറക്കിയത്. ആളൂർ, വേളൂക്കര പഞ്ചായത്തുകളിൽ നിന്നുളള വെള്ളത്തിന്റെ ഒഴുക്കിൽ തോട് പൊട്ടുകയായിരുന്നു. തോട് കെട്ടാനുള്ള പ്രവൃത്തികൾ ബുധനാഴ്ച രാത്രിയും തുടരുകയാണ്. മുരിയാട് പാടശേഖരത്തിൽ തന്നെയുള്ള കുമ്പത്തേരി , കൂവപ്പുഴ, കുളത്തൂർ, ഹരിതശ്രീ പടവുകൾ എല്ലാം തന്നെ ഇപ്പോഴും വെള്ളത്തിലാണ്. പടവുകളിലെ വെള്ളം പമ്പ് ചെയ്ത കളയാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്. എന്നാൽ ആവർത്തിച്ചുള്ള വൈദ്യുതി തടസ്സങ്ങൾ വെല്ലുവിളിയായി മാറുകയാണെന്ന് കർഷകർ പറയുന്നു. ആകെ 22 പടവുകളാണ് മുരിയാട് പാടശേഖരത്തിലുളളത്.

Please follow and like us: