കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി …
ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോട്ട പനമ്പിള്ളി കോളേജ് മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോട്ട പനമ്പിള്ളി കോളേജിന് സമീപത്ത് താമസിക്കുന്നയാളുമായ വെട്ടുക്കൽ വീട്ടിൽ ഷൈജു (32 വയസ്) വാണ് പിടിയിലായത്. മൂന്ന് വർഷം മുൻപ് പോട്ടയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടായതിന്റെ വൈരാഗ്യത്തിൽ ഒരു യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിലും മലപ്പുറം വയനാട് ജില്ലകളിൽ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടിക്കേസുകളിലും കഞ്ചാവ് കേസുകളിലുമടക്കം ഇരുപത്തി ആറോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
പോട്ട, പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിരവധി തവണകളായി പോലീസ് പരിശോധന നടത്തി വരികയായിരുന്നു. ഈ പ്രദേശത്തെ മുഖ്യ ലഹരി മരുന്ന് വിൽപനക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയാണ് നാടൻ ബോംബ് പൊതികളുമായി വന്ന ഷൈജുവിനെ പിടികൂടാനിടയാക്കിയത്. ഇയാളെ പോലീസ് പിടികൂടിയതറിയാതെ നിരവധി യുവാക്കളും വിദ്യാർത്ഥികളുമാണ് ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപെട്ട് വിളിച്ചു കൊണ്ടിരുന്നത്. നാടൻ ബോംബ് പിടികൂടിയ സംഘത്തിൽ ചാലക്കുടി സബ് ഇൻസ്പെക്ടർ സിദ്ധിഖ് അബ്ദുൾ ഖാദർ, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി അഡീഷണൽ എസ്ഐ ഡേവിസ് സി.വി , എഎസ്ഐമാരായ റെജിമോൻ എൻ.എസ് , സതീശൻ സിപിഒ സുരേഷ് വാസുപുരം എന്നിവരും ഉണ്ടായിരുന്നു.
നാടൻ ബോംബുമായി പിടിയിലായ ഷൈജു നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാൽ ഇയാളുടെ ജാമ്യമടക്കം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഷൈജുവിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.