ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം …

ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം …

ഇരിങ്ങാലക്കുട: ജപ്തിയിലായ വീടിന്റെ ആധാരത്തിന്റെ പകർപ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് അധികൃതർ നിഷേധിച്ചതിനെ തുടർന്ന് സംഘർഷം. മാടായിക്കോണം കുറുപ്പം റോഡിൽ കളരിക്കപറമ്പിൽ വീട്ടിൽ ശ്രീജേഷിനാണ് (43 വയസ്സ് ) ബാങ്ക് അധിക്യതർ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീടും സ്ഥലവും പണയം വച്ച് ശ്രീജേഷിന്റെ പിതാവ് പതിമൂന്ന് ലക്ഷം രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു. ലോൺ തിരിച്ചടക്കാഞ്ഞതിനെ തുടർന്ന് 24 ലക്ഷത്തിന്റെ ബാധ്യത കാണിച്ച് ബാങ്ക് അധിക്യതർ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. വീടും സ്ഥലവും വില്ക്കാൻ വേണ്ടി ആധാരത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കിൽ ചെന്ന ശ്രീജേഷിനോട് ചൊവ്വാഴ്ച വരാൻ ബാങ്ക് അധികൃതർ നിർദ്ദേശിച്ചു. രാവിലെ പത്ത് മണിയോടെ എത്തിയ തന്നോട് മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ആധാരത്തിന്റെ പകർപ്പ് തരാൻ കഴിയില്ലെന്നും സെയിൽ ഓഫീസറാണ് നല്കേണ്ടതെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞതായി ശ്രീജേഷ് പറഞ്ഞു. ഇതേ ചൊല്ലി ഇരുകൂട്ടരുമായി തർക്കമായതിനെ തുടർന്ന് എസ്ഐ അനീഷിന്റെ നേത്യത്വത്തിൽ എത്തിയ പോലീസ് സംഘം ശ്രീജേഷിനെയും പിന്തുണയുമായി എത്തിയ ബിജെപി പ്രവർത്തകരെയും അനുനയിപ്പിച്ച് വിടുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആധാരത്തിന്റെ പകർപ്പ് നല്കിയില്ലെങ്കിൽ ബാങ്കിലേക്ക് മാർച്ച് നടത്തുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികലേക്ക് കടക്കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി ടി കെ ഷാജുട്ടൻ അറിയിച്ചു.

Please follow and like us: