ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം …
ഇരിങ്ങാലക്കുട: കാട്ടൂർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ഒഴിവാക്കി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന വിഷയത്തെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വീണ്ടും വിമർശനം. മാസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്ന വിഷയം യാത്രക്കാരന്റെ പരാതി മുഖേന വീണ്ടും യോഗത്തിന്റെ മുമ്പിൽ എത്തുകയായിരുന്നു. വിഷയം ആർടിഎ യുടെ പരിഗണനയിലാണെന്നും പുതിയ വൺവേ സമ്പ്രദായവും നിലവിലുളള സമയക്രമവും പാലിച്ച് ബസ്സുകൾക്ക് ഓടി എത്താൻ കഴിയാത്ത സാഹചര്യമാണെന്നും മോട്ടോർ ട്രാൻസ്പോർട്ട് അധികൃതർ വിശദീകരിച്ചു. എന്നാൽ വൺവേ സമ്പ്രദായം കാലങ്ങളായി ഉള്ളതാണെന്ന് നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. നിലവിലുള്ള സമയം പാലിച്ച് ഠാണാ ചുറ്റി സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കാൻ സ്വകാര്യ ബസ്സുകൾക്ക് കഴിയുമെന്ന് കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രനും ചൂണ്ടിക്കാട്ടി. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ്സ് ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും മോശമാണെന്ന് കോൺഗ്രസ്സ് പ്രതിനിധി ആന്റോ പെരുമ്പിള്ളി പറഞ്ഞു. ഇരിങ്ങാലക്കുട ഠാണാവിൽ മെറീന ആശുപത്രി റോഡിലുളള അനധികൃത പാർക്കിംഗ് പ്രശ്നം തുടരുകയാണെന്നും വിഷയം പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ പറഞ്ഞു.കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ ശോചനീയാവസ്ഥയും യോഗത്തിൽ ചർച്ചാ വിഷയമായി.
നവംബർ മാസത്തിൽ പുതിയ റേഷൻ കാർഡിനായി 137 അപേക്ഷകളാണ് ലഭിച്ചതെന്നും ഇവ കൊടുത്ത് കഴിഞ്ഞതായും അനഹർരിൽ നിന്ന് പിഴ ഇനത്തിൽ ഇതുവരെ ആറ് ലക്ഷത്തോളം രൂപ പിഴ ഈടാക്കിക്കഴിഞ്ഞതായും താലൂക്ക് സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു. വിവിധ ഗ്യാസ് എജൻസികൾ മുഖേന വിതരണം ചെയ്യുന്ന സിലിണ്ടറുകളിലെ ഗ്യാസിന്റെ അളവിനെ ക്കുറിച്ച് ആക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ഇവ പരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പുതുക്കാട് റെയിൽവേ മേൽ പ്പാല നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടും നിർമ്മാണ പ്രവ്യത്തികൾ ആരംഭിക്കാത്ത വിഷയം സതേൺ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ലത സഹദേവൻ, സീമ പ്രേംരാജ്, ഷീജ പവിത്രൻ , മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.