പടിയൂരിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 36 ലക്ഷം ഉപയോഗിച്ച് …
ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വാർഡ് 5 ലെ ശ്രീ അണ്ടിക്കോട്ട് ചക്കപ്പൻ റോഡ്, വാർഡ് 4 ലെ മഹാത്മ റോഡിന്റെ സൈഡ് കെട്ടി സംരക്ഷണം, എടതിരിഞ്ഞി വില്ലേജ് കോളനി റോഡ് എന്നീ മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
മണ്ഡലത്തിലെ എല്ലാ റോഡുകളും ഉന്നത നിലവാരത്തിലേയ്ക്ക് ഉയർത്താൻ കഴിഞ്ഞെന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എംഎൽഎ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്രീ അണ്ടിക്കോട്ട് ചക്കപ്പൻ റോഡ് പൂർത്തീകരിച്ചത്. മഹാത്മ റോഡിന്റെ സൈഡ് കെട്ടി സംരക്ഷണം 7.5 ലക്ഷം രൂപ ഉപയോഗിച്ചും, എടതിരിഞ്ഞി വില്ലേജ് കോളനി റോഡ് 8.50 ലക്ഷം രൂപ ഉപയോഗിച്ചുമാണ് പൂർത്തീകരിച്ചത്.
എടതിരിഞ്ഞി വില്ലേജ് ഓഫീസ് പരിസരം, ശ്രീ അണ്ടിക്കോട്ട് ചക്കപ്പൻ റോഡ് പരിസരം എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർമാരായ സുധ ദിലീപ്, രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലിജി രതീഷ്, ടിവി വിബിൻ, ജയശ്രീലാൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.