തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; വേദികളിലേക്ക് എത്താൻ ഗതാഗത സൗകര്യമൊരുക്കി ട്രാൻസ്പോർട്ട് കമ്മിറ്റി ; മിനി സ്കൂൾ ബസ്സുകളുടെ സേവനം രാവിലെ 11 മുതൽ വൈകിട്ട് വരെ …
ഇരിങ്ങാലക്കുട : പട്ടണത്തിലെ 16 വേദികളിലായി നടക്കുന്ന 33-മത് തൃശ്ശൂർ റവന്യൂ കലോൽസവത്തിന് വേദികളിൽ നിന്ന് വേദികളിലേക്ക് എത്തിച്ചേരാൻ മൽസരാർഥികൾക്കും സംഘാടകർക്കും തുണയാവുകയാണ് ട്രാൻസ്പോർട്ട് സബ് കമ്മിറ്റി എർപ്പെടുത്തിയ സ്കൂൾ ബസ്സുകൾ. നാഷണൽ സ്കൂളും കാട്ടുങ്ങച്ചിറ ലിസ്സി സ്കൂളും വിട്ട് നല്കിയ മൂന്ന് മിനി ബസ്സുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണശാല പ്രവർത്തിക്കുന്ന ഗായത്രി ഹാളിലേക്ക് മൽസരാർഥികളെ എത്തിക്കാനും വണ്ടികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ ഗതാഗത സൗകര്യം ഉണ്ടായിരിക്കുമെന്ന് ട്രാൻസ്പോർട്ട് സബ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ,കൺവീനർ രമീസ് സുബൈർ എന്നിവർ പറഞ്ഞു. പ്രധാന വേദികളിൽ ഒന്നായ ഗേൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളെ കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ , കൗൺസിലർമാരായ അഡ്വ കെ ആർ വിജയ , അംബിക പള്ളിപ്പുറത്ത്, എ എസ് സഞ്ജയ്, സിജു യോഹന്നാൻ , അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.