പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ആരോപണം അടിസ്ഥാനരഹിതമെന്നും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് …
ഇരിങ്ങാലക്കുട: പിൻവാതിൽ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളിൽ പാർട്ടിക്കാരെ തിരുകി കയറ്റുന്നതായി ആരോപിച്ച് മുരിയാട് പഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷമായ കോൺഗ്രസ്സ് അംഗങ്ങൾ ഇറങ്ങി പോയി. അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവൻ പേരും ഇടതുപക്ഷ അനുകൂലികളാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് ആരോപിച്ചു.
ഈ ഭരണ സമിതി വന്നതിനുശേഷമുള്ള എല്ലാ താൽക്കാലിക നിയമനങ്ങളും പ്രസിഡന്റിന്റെ ഇഷ്ടക്കാർക്കു മാത്രമാണ് നല്കിയിട്ടുള്ളതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ.വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ തുടർന്ന് നടത്തിയ ധർണ്ണയിൽ പ്രസംഗിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്നും ഒരു പേര് പോലും പ്രതിപക്ഷം നിർദ്ദേശിച്ചിട്ടില്ലെന്നും പ്രസിഡണ്ട് വിശദീകരിച്ചു. യോഗത്തിൽ പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.