ഇനി കലാമാമാങ്കം; ഇരിങ്ങാലക്കുടയിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി …

ഇനി കലാമാമാങ്കം; ഇരിങ്ങാലക്കുടയിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി …

ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്നുള്ള രണ്ടരവർഷത്തെ ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുടയിൽ നവംബർ 23, 24 25, 26 തീയതികളിലായി നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ 9.30 ന് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കലോൽസവം ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി 16 വേദികളിൽ 304 ൽ പരം ഇനങ്ങളിലായി യുപി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 7299 വിദ്യാർഥികൾ കലോൽസവത്തിൽ മാറ്റുരക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ ടി വി മദനമോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 23 ന് രാവിലെ 10 .30 ന് തൃശ്ശൂരിൽ നിന്നും സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇരിങ്ങാലക്കുടയിൽ എത്തിച്ചേരും. വൈകീട്ട് 3 ന് സെന്റ് മേരീസ് സ്കൂൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന കലോൽസവ വിളംബര ഘോഷയാത്ര ടൗൺ ഹാളിൽ സമാപിക്കും. 23 ന് സ്റ്റേജ് ഇതര പരിപാടികൾ ഗേൾസ് സ്കൂളിൽ നടക്കും. 26 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം പിന്നോക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും. മേളയുടെ നടത്തിപ്പിനായി 16 സബ്- കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടന – സമാപന സമ്മേളനങ്ങളിൽ ജില്ലയിലെ ജനപ്രതിനിധികൾ, സാംസ്കാരിക നായകർ , വിദ്യാഭ്യാസ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ഡിഇഒ എസ് ഷാജി, വിവിധ കമ്മിറ്റി ഭാരവാഹികളായ ബി സജീവ്, സന്തോഷ് ബോബൻ , എ സി സുരേഷ് , കെ കെ ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: