33 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; നാല് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ നടക്കുന്ന കലോൽസവത്തിൽ പങ്കെടുക്കുന്നത് 4500 ഓളം വിദ്യാർഥികൾ ; മൽസരാർഥികൾ ഇല്ലാതെ 42 ഇനങ്ങൾ …

33 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; നാല് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ നടക്കുന്ന കലോൽസവത്തിൽ പങ്കെടുക്കുന്നത് 4500 ഓളം വിദ്യാർഥികൾ ; മൽസരാർഥികൾ ഇല്ലാതെ 42 ഇനങ്ങൾ …

ഇരിങ്ങാലക്കുട: നവംബർ 8 മുതൽ 11 വരെ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 33 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 8 രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലോൽസവം ഉദ്ഘാടനം ചെയ്യും. 88 സ്കൂളുകളിൽ നിന്നായി 341 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ 4500 ഓളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ ലത സഹദേവൻ, എഇഒ ഡോ നിഷ എം സി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ജനറൽ വിഭാഗവും സംസ്കൃതം കലോൽസവും അറബിക് കലോൽസവ വും ഉൾപ്പെട്ടിട്ടുണ്ട്. എച്ച്ഡിപി സ്കൂളിൽ തന്നെ ക്രമീകരിച്ചിട്ടുള്ള ഒൻപത് വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുന്നത് . ആകെയുള്ള 341 ഇനങ്ങളിൽ 28 ഇനങ്ങളിൽ ഒരു വിദ്യാർഥി മാത്രവും 42 ഇനങ്ങളിൽ മൽസരിക്കാൻ ആരുമില്ലെന്നും സംഘാടകർ അറിയിച്ചു. 11 ന് വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി വൈസ് -ചെയർമാൻ ഭരതൻ കണ്ടേങ്കാട്ടിൽ, ജനറൽ കൺവീനർ സീമ കെ എ , വികസന സമിതി കൺവീനർ ഉല്ലാസ് പി ജി , പ്രോഗ്രാം കമ്മിറ്റി കൺവീനർ അനൂപ് ടി ആർ , പബ്ലിസിറ്റി കൺവീനർ ഡോ എസ് എൻ മഹേഷ് ബാബു , സ്കൂൾ പിടിഎ പ്രസിഡന്റ് സി എസ് സുധൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: