നടവരമ്പ് മോഡൽ സ്കൂളിന് പുതിയ യുപി, ഹൈസ്കൂൾ കെട്ടിടങ്ങൾ; നൈപുണി വികസനത്തിലൂടെ പഠനത്തോടൊപ്പം തൊഴിലിനും വിദ്യാർഥികളെ പ്രാപ്തരാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട :ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശമാണെന്നും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മികവിന്റെ സൂചനയാണെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. 6.75 കോടി രൂപ ചിലവിൽ നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ യുപി, ഹൈസ്കൂൾ ബ്ലോക്കുകളുടെയും ഗാന്ധി പ്രതിമയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുലക്ഷത്തിൽ പരം വിദ്യാർത്ഥികൾ ഈ വർഷം പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതലായി കടന്നുവന്നു. മത്സരപരീക്ഷകളിൽ ജയിച്ചുവരുന്ന മികച്ച അധ്യാപകരാണ് സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നത്. ഇനി നൈപുണ്യ വികസനത്തിന് 21 ലക്ഷം രൂപ കൂടി ഈ വിദ്യാലയത്തിന് ലഭിക്കും. തൊഴിലും പഠനവും തമ്മിലുള്ള വിടവ് നികത്താൻ ഇത് സഹായിക്കും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്കൂൾ കവാടത്തിന്റെ ശില അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്റർ താക്കോൽദാനം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് ധനീഷ് കെ എസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ടി വി മദനമോഹനൻ, മാത്യു പാറേക്കടൻ, ഡിഇഒ ഇൻ ചാർജ് ജസ്റ്റിൻ തോമസ്, എഇഒ നിഷ എം സി, പ്രധാനാധ്യാപകരായ പ്രീതി എം കെ, ബിന്ദു ഒ ആർ, ബസന്ത് പി എസ്, സെബാസ്റ്റ്യൻ ജോസഫ്, അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റുമാരായ ടി എസ് സജീവൻ, സൗമ്യ ടി ആർ, സതീഷ് കുമാർ , ബ്ലോക്ക് പ്രോജക്ട് ഓഫിസർ ഗോഡ്വിൻ റോഡ്രിഗസ് എന്നിവർ ആശംസകൾ നേർന്നു. രാഷ്ട്രീയ നേതാക്കൾ, അധ്യാപക രക്ഷാകർതൃ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി താജുദ്ദീൻ നന്ദിയും പറഞ്ഞു