മത, ധൈഷണിക , കലാപാരമ്പര്യങ്ങളുടെ നാടാണ് ഇരിങ്ങാലക്കുടയെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ചരിത്രസെമിനാറിന് തുടക്കമായി…
ഇരിങ്ങാലക്കുട : നാടിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം തേടിയുളള സെമിനാറിന് സംഗമപുരിയിൽ തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ക്ഷേത്രവും ഇരിങ്ങാലക്കുടയും , അതിന്റെ സാമൂഹിക സംസ്കാരിക ചരിത്രം , വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നത്. പഴയ മണിമാളിക കെട്ടിടസ്ഥലത്ത് പ്രത്യേക പന്തലിൽ ആരംഭിച്ച സെമിനാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മത, ധൈഷണിക , കലാപാരമ്പര്യങ്ങളുടെ നാടാണ് ഇരിങ്ങാലക്കുടയെന്നും നാനാമുഖ സാംസ്കാരിക ധാരകളുടെ ഊർജ്ജമാണ് ഇവിടെ ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്ര രേഖകളിലെ വൈരുധ്യങ്ങൾക്കിടയിലൂടെ ശരിയായ ചരിത്രം വായിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോൻ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ സോണിയ ഗിരി, ആർക്കൈവ്സ് ഉപദേശക സമിതി അംഗങ്ങളായ അശോകൻ ചരുവിൽ, പ്രൊഫ സാവിത്രി ലക്ഷ്മണൻ , ഡോ ടി കെ നാരായണൻ , അമ്മന്നൂർ പരമേശ്വരൻ ചാക്യാർ , ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ കെ ജി അജയ്കുമാർ , കെ എ പ്രേമരാജൻ, എ വി ഷൈൻ, കെ ജി സുരേഷ് എന്നിവർ പങ്കെടുത്തു. ആർക്കൈവ്സ് ഡയറക്ടർ ഡോ കെ രാജേന്ദ്രൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഷിജിത് കെ ജെ നന്ദിയും പറഞ്ഞു. ഉച്ചതിരിഞ്ഞ് നടന്ന ചടങ്ങിൽ മ്യൂസിയവും ആർക്കൈവ്സും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ കെ രാജൻ നിർവഹിച്ചു . സെമിനാറിൽ ഞാനും ഇരിങ്ങാലക്കുടയും എന്ന വിഷയത്തിൽ പ്രൊഫ കെ സച്ചിദാനന്ദനും ചരിത്ര നിർമ്മിതിയിൽ കൂടൽമാണിക്യം രേഖകൾ എന്ന വിഷയത്തിൽ ഡോ. എം ആർ രാഘവവാരിയർക്ക് വേണ്ടി ശ്യാമ എം മേനോനും കൂടൽമാണിക്യ ക്ഷേത്രം – കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം എന്ന വിഷയത്തിൽ ഡോ രാജൻ ഗുരുക്കൾക്ക് വേണ്ടി കോളേജ് അധ്യാപിക സിന്റോ കോങ്കോത്തും സദ്ഗുരു മാഗസിൻ – ചട്ടമ്പിസ്വാമികൾ – തച്ചുടയക്കൈമൾ എന്ന വിഷയത്തിൽ ഡോ ആർ രാമൻനായരും പേപ്പറുകൾ അവതരിപ്പിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ , ഡോ ടി കെ നാരായണൻ , സെന്റ് ജോസഫ്സ് കോളേജ് അധ്യാപിക ലിറ്റി ചാക്കോ , ശ്യാമ ബി മേനോൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. വിവിധ കലാലയങ്ങളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.