വിഎഫ്പിസികെ കരുവന്നൂർ കർഷകസമിതിയുടെ മന്ദിര നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം നവംബർ 4 ന് …
ഇരിങ്ങാലക്കുട: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുന്ന വിപണന പ്രസ്ഥാനമായ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കരുവന്നൂർ സ്വാശ്രയ കർഷക സമിതിക്ക് ഒടുവിൽ മന്ദിരമായി. കരുവന്നൂർ പട്ടര് മഠം റോഡിൽ പത്ത് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി ആയിരം ചതുരശ്ര അടിയിൽ ഹാളും രണ്ട് മുറികളും സ്റ്റോർ മുറിയും മൂന്ന് ബാത്ത് മുറികളും അടങ്ങുന്ന കെട്ടിടം വിഎഫ്പിസികെ യിൽ നിന്നും കഷകരിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. 2005 ൽ രൂപീകരിച്ച സമിതിയുടെ കീഴിൽ ഇരിങ്ങാലക്കുട നഗരസഭ , ചേർപ്പ്, വല്ലച്ചിറ മേഖലകളിൽ നിന്നായി 514 കർഷകരാണുള്ളത്. സമിതിയുടെ നേത്യത്വത്തിൽ പ്രധാനമായും നാല്പത് ഏക്കറിലായി നേന്ത്രവാഴ കൃഷിയാണ് ചെയ്ത് വരുന്നത്. സമിതിക്ക് ലഭിക്കുന്ന അഞ്ച് ശതമാനം കമ്മീഷനിൽ നിന്ന് രണ്ട് ശതമാനം കർഷകർക്ക് തന്നെ തിരിച്ച് നല്‍കുകയാണെന്ന് പ്രസിഡണ്ട് കെ സി ജെയിംസ് പറയുന്നു. നവംബർ 5 ന് രാവിലെ 9 30 ന് നടക്കുന്ന ചടങ്ങിൽ കാർഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. കർഷകരുടെ നേത്യത്വത്തിൽ രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഷെയർ വിതരണവും ചടങ്ങിൽ വച്ച് നടക്കും.