മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ യുപി, ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ചിലവഴിച്ചത് കിഫ്ബി ഫണ്ട് അടക്കം എഴ് കോടിയോളം രൂപ; ഉദ്ഘാടനം നവംബർ 5 ന് ….

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ യുപി, ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ചിലവഴിച്ചത് കിഫ്ബി ഫണ്ട് അടക്കം എഴ് കോടിയോളം രൂപ; ഉദ്ഘാടനം നവംബർ 5 ന് ….

 

ഇരിങ്ങാലക്കുട : നൂറ്റാണ്ടിന്റെ ചരിത്രമുള്ള നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത സ്കൂളിൽ കിഫ്ബിയിൽ നിന്നുള്ള 5 കോടിയും മുൻ എംഎൽഎ പ്രൊഫ. കെ യു അരുണന്റെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 1.75 കോടിയും ചിലവഴിച്ച് രണ്ട് നിലകളിലായി 23995 .34 ചതുരശ്ര അടിയുള്ള കെട്ടിടമാണ് യു പി , ഹൈസ്കൂൾ വിദ്യാർഥികൾക്കായി നിർമ്മിച്ചിരിക്കുന്നത്. കിറ്റ്കോയുടെയും കേന്ദ്ര എജൻസിയായ വാപ്പ്കോസിന്റെയും മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. 2018 ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൈലം ഗ്രൂപ്പ് നിർമ്മാണ കരാർ ഏറ്റെടുത്ത് പണികൾ ആരംഭിച്ചുവെങ്കിലും , പ്രവ്യത്തികൾ നീണ്ടതോടെ ഇവരെ ഒഴിവാക്കി രണ്ടാമത് ടെണ്ടർ വിളിച്ചതിനെ തുടർന്ന് കൊല്ലത്തുള്ള സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻസ് ഗ്രൂപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.പതിനാറ് ക്ലാസ്സ് മുറികൾ, നാല് ലാബുകൾ, ഡൈനിംഗ് എരിയ, സ്റ്റാഫ് റൂം, പ്രധാന അധ്യാപകന്റെ റൂം , അടുക്കള , സ്റ്റാഫിനും വിദ്യാർഥികൾക്കുമുള്ള ടോയ്ലറ്റുകൾ എന്നിവയാണ് പുതിയ യുപി, ഹൈസ്കൂൾ ബ്ലോക്കിലുള്ളത്. നിലവിൽ യുപിയിലും ഹൈസ്കൂളിലുമായി 405 കുട്ടികളാണ് ഇവിടെ ഉള്ളത്. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പ്രവേശന കവാടത്തിന്റെ നിർമ്മാണവും മറ്റ് നവീകരണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. നവംബർ 5 ന് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും പ്രവേശനകവാടത്തിന്റെയും വിഎച്ച്എസ്ഇ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. സാംസ്കാരിക ഘോഷയാത്ര, നാടൻ പാട്ട്, കുട്ടികളുടെയും പൂർവ്വ വിദ്യാർഥികളുടെയും കലാപരിപാടികൾ, നാടകം എന്നിവയും അന്നേ ദിവസം നടക്കും.

Please follow and like us: