കടുപ്പശ്ശേരി കോളനി അംബേദ്കർ ഗ്രാമം പദ്ധതി ;പ്രവൃത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം ; പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത് 42 വീടുകളിൽ …
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പദ്ധതി വഴി അറ്റകുറ്റപ്പണി നടത്തിയ വീടുകളുടെ നിലവിലെ അവസ്ഥയും പുതിയ അപേക്ഷകൾ പരിഗണിക്കുന്നതും യോഗം ചർച്ച ചെയ്തു.
കോളനിയിലെ 42 വീടുകളിലാണ് എസ്റ്റിമേറ്റ് പ്രകാരമുള്ള പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയതെന്ന് അധികൃതർ യോഗത്തെ അറിയിച്ചു. ഇതിനായി നാൽപ്പത്തിരണ്ടര ലക്ഷം രൂപയോളം ചെലവായി. മിച്ചമുള്ള തുക ഉപയോഗിച്ച് എസ്റ്റിമേറ്റ് അനുസരിച്ചുള്ള ബാക്കി പ്രവൃത്തികൾ പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. വീട് പുനരുദ്ധാരണത്തിനായി പുതുതായി ലഭിച്ച 13 അപേക്ഷകൾ നിലവിൽ മറ്റ് ഫണ്ടുകളിൽ ഉൾപ്പെടുത്തി പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ടുകൾ ഇതിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കാമെന്ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ പറഞ്ഞു.
2019 – 20 വർഷത്തിലാണ് കടുപ്പശ്ശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിക്ക് അനുമതി ലഭിച്ചത്. 50 ലക്ഷം രൂപയാണ് പദ്ധതി തുക. 2021 ജനുവരിയിൽ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് മെമ്പർ ടെസി ജോയ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ദിജി എം ടി, നിർമ്മിതി കേന്ദ്രയുടെ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.